സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനുള്ള ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായി സ്പോണ്‍സറുടെ കുടുംബം. റിയാദ് കോടതിയിലാണ് കുടുംബം രേഖാമൂലം ഇക്കാര്യം അറിയിച്ചത്. അതേസമയം, തുക വിദേശകാര്യ മന്ത്രാലയം വഴി കൈമാറുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. 

34 കോടി രൂപ തയ്യാറായ വിവരം നേരത്തെ തന്നെ സൗദി കോടതിയില്‍ റഹീമിന്‍റെ അഭിഭാഷകന്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ മരിച്ച സൗദി ബാലന്‍റെ കുടുംബം പണം വാങ്ങി മാപ്പ് നല്‍കാമെന്ന് രേഖാമൂലം കോടതിയെ അറിയിച്ചിരുന്നില്ല. എറ്റവുമൊടുവില്‍ സ്പോണ്‍സറുടെ കുടുംബം മാപ്പ് നല്‍കാമെന്ന് അറിയിച്ചതോടെ മോചനത്തിന്‍റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ. സൗദി കുടുംബത്തിന്‍റെ അഭിഭാഷകനാണ് കോടതിയില്‍ മാപ്പിന് സന്നദ്ധമാണെന്ന് അറിയിച്ചത്. 

പണം കൈമാറുന്നതിലെ നൂലാമാലകളാണ് ഇപ്പോഴും തുടരുന്നത്.. നാട്ടിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതുവരെ 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ തുടരുന്നുവെന്നാണ് അറിയിപ്പ്.. വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്കും, പിന്നീട് കോടതി മേല്‍നോട്ടത്തില്‍ സ്പോണ്‍സറുടെ കുടുംബത്തിന്‍റെ അക്കൗണ്ടിലേക്കുമാണ് പണം അയക്കേണ്ടത്. ഇതിന് ഇനിയും സമയമെടുത്തേക്കും. എന്നാല്‍ മകന്‍റെ മോചനം നീണ്ടുപോകുന്നതിനാല്‍ കണ്ണീര്‍ തോരാതെ കഴിയുകയാണ് ഉമ്മ ഫാത്തിമ.

നടപടികള്‍ വേഗത്തിലാക്കാന്‍ സൗദിയിലെ നിയമസഹായ സമിതിയുടെ ഭാരവാഹികള്‍ ശ്രമം തുടരുന്നുണ്ട്. അതേസമയം, റഹീമിന്‍റെ പേരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

 

Abdul Raheem will return back from Saudi jail soon.