കൊടും ചൂടില്‍ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് പോയതും അനധികൃത മത്സ്യബന്ധനം കൂടിയതും കോഴിക്കോട് ചാലിയത്തെ പരമ്പരാഗ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം
പ്രളയകാലത്ത് കേരളത്തെ കൈപിടിച്ച് കരയ്ക്കെത്തിച്ച മത്സ്യത്തൊഴിലാളികള്‍ക്കിത് വറുതിയുടെ കാലമാണ്. ദിവസേന മുന്നൂറ് വള്ളങ്ങള്‍ കടലില്‍ പോയിരുന്നതില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് പോകുന്നത്. 12 നോട്ടിക്കല്‍ മൈല്‍ അകലെ പോയാണ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മീന്‍ പിടിക്കുന്നത്. ചൂട് കൂടിയതോടെ 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യക്കൂട്ടങ്ങള്‍.
ചൂട് കൂടിയതോടെ കടലിന്‍റെ അടിത്തട്ടിലെ വെള്ളത്തിന് അനുഭവപ്പെടുന്ന മര്‍ദ്ദവ്യത്യാസവും ഒഴുക്കിലുള്ള ദിശ മാറ്റവും മത്സ്യബന്ധനത്തെ ബാധിച്ചു. വൈകുന്നേരങ്ങളില്‍ കടലിലേക്ക് ശക്തമായ കാറ്റടിക്കുന്നതും തിരിച്ചടിയായി. ചിലര്‍ നഷ്ടം സഹിച്ചും കടലിലേക്ക് പോകുന്നുണ്ടെങ്കിലും വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ്.