attingal-poll

ആറ്റിങ്ങലില്‍ പോളിങ് ശതമാനം കുറഞ്ഞത് ആരെ ബാധിക്കും...? ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി തലപുകയ്ക്കുകയാണ് മുന്നണികള്‍. പുറമേക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും മൂന്ന് മുന്നണികളെയും ആശങ്കപ്പെടുത്തുന്നത് പോള്‍ ചെയ്യപ്പെടാത്ത വോട്ടുകളാണ്. ഇഞ്ചോടിഞ്ച് ത്രികോണ മത്സരം നടന്ന ആറ്റിങ്ങലില്‍ അഞ്ച് ശതമാനത്തോളമാണ് 2019മായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് കുറഞ്ഞത്. ഇത് ഫലത്തെ എങ്ങനെ സ്വാധീനിക്കും. കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് മുന്നണികള്‍. 

 

ഇടത് അനുകൂല വോട്ടുകള്‍ പലയിടങ്ങളിലും പോള്‍ ചെയ്യപ്പെട്ടില്ലെന്നതാണ് യു.ഡി.എഫിന്‍റെ കണക്ക് കൂട്ടല്‍. കരുത്തുറ്റ സംഘടന സംവിധാനം ഉപയോഗിച്ച് അനുകൂല വോട്ടുകളെല്ലാം പോള്‍ ചെയ്യിച്ചെന്നും കുറഞ്ഞത് യു.ഡി.എഫ് വോട്ടുകളാണെന്നും എല്‍ഡിഎഫ് കരുതുന്നു. സംസ്ഥാന സര്‍ക്കാരിന് എതിരായ വികാരമില്ലെന്നതിന്‍റെ തെളിവാണ് പോളിങ് കുറവെന്നും അവര്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ പാര്‍ട്ടി വോട്ടുകള്‍ കൊണ്ടുതന്നെ ജയിക്കാമെന്ന് എല്‍.ഡി.എഫിന്‍റെ ആത്മവിശ്വാസം. 

 

ന്യൂനപക്ഷ മേഖലകളില്‍ മികച്ച പോളിങ് നടന്നതായാണ് വിവരം. ഇത് അടൂര്‍പ്രകാശിന് അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷ. 2019ന് സമാനമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടാകില്ലെന്ന് എല്‍.ഡി.എഫ് കണക്ക്കൂട്ടുന്നു. ശബരിമല വിഷയത്തെ തുടര്‍ന്ന് 2019ലുണ്ടാക്കിയ വോട്ട് വളര്‍ച്ച വന്‍തോതില്‍ ഉയര്‍ത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. പക്ഷെ, പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഇതിന് തടസ്സമാകുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്.