മന്ത്രിയും ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.രാധാകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ സിപിഎമ്മിന് പിന്തുണ അറിയിച്ച് പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റ് എ.വി.ഗോപിനാഥ്. താൻ കൂടി അംഗമായ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്‍റെ വികസനത്തിന്  മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ പിന്തുണ കണക്കിലെടുത്താണ് തീരുമാനമെന്ന് ഗോപിനാഥ് വ്യക്തമാക്കി. 

 

ഗോപിനാഥ് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച സമയത്ത് തന്നെ ഇടത് സ്ഥാനാർഥിയുടെയും സി.പി.എം പ്രവർത്തകരുടെയും ഈ വരവ് പെരിങ്ങോട്ടുകുറിശ്ശിക്കാർ പ്രതീക്ഷിച്ചതാണ്. കൈപ്പത്തി വിട്ട് അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ടുകുത്താന്‍ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസിന്‍റെ മുന്‍ ജില്ലാ അധ്യക്ഷനാണ് രംഗത്തുവന്നിരിക്കുന്നത്.

 

തന്നെ ചവിട്ടി പുറത്താക്കിയ പാര്‍ട്ടിക്കൊപ്പം ഇനിയില്ലെന്ന് പറഞ്ഞ ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചു. സംസാരത്തിനിടെ ഗോപിനാഥ് വികാരാധീതനായി. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയെ സഹായിച്ചത് തെറ്റായിപ്പോയെന്നും വിമര്‍ശനം. നാല്‍പ്പതിലേറെ വര്‍ഷം കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയായിരുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലേക്ക് സിപിഎമ്മിനെ സ്വാഗതം ചെയ്തിരിക്കുന്നത് മറ്റാരുമല്ല. ഒരുകാലത്ത് ഇടതുമുന്നണിയെ നേര്‍ക്കുനേര്‍ നിന്ന് വിമര്‍ശിച്ച അതേ നായകന്‍ തന്നെ. 

 

 

Former DCC president AV Gopinath in LDF