train

ആദ്യമായി കേരളത്തിലെ ട്രാക്കിലൂടെ ഓടിയ ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ യാത്ര സുരക്ഷിതം. പൊള്ളാച്ചി വഴി പാലക്കാട് ഒലവക്കോട് സ്റ്റേഷന്‍ വരെയുള്ള പരീക്ഷണ ഓട്ടം വിജയമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിലവില്‍ കോയമ്പത്തൂര്‍ ബെംഗലൂരു പാതയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബെംഗലൂരുവില്‍ നിന്നും പാലക്കാട് വരെ സര്‍വീസ് നടത്തും.  

പുതു പ്രതീക്ഷയുടെ പാളത്തിലൂടെയാണ് അല്‍പം കൗതുകം നിറഞ്ഞ ഡബിള്‍ ഡക്കര്‍ ട്രെയിനിന്റെ വരവ്. യാത്രാക്ലേശം ഏറെയുള്ള പൊള്ളാച്ചി പാലക്കാട് പാതയിലൂടെ സര്‍വീസെന്ന തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. ബെംഗലൂരു കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായാണ് പൊള്ളാച്ചി പാലക്കാട് പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം. ട്രാക്കും പ്ലാറ്റ്ഫോമും, സുരക്ഷാ സംവിധാനങ്ങളും ഡബിള്‍ ഡക്കറിന് അനുയോജ്യമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സമയക്രമം ഉൾപ്പെടെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിനുശേഷം സര്‍വീസ് ആരംഭിക്കാനാണു സാധ്യത. ഡബിൾഡക്കറിന് സാധാരണ ട്രെയിനെക്കാൾ ഉയരമുണ്ട്. താഴെയും മുകളിലുമായി രണ്ട് തട്ടില്‍ യാത്രാസൗകര്യം. സേലം ഡിവിഷനുകീഴിൽ രണ്ടുവർഷം മുൻപ് ആരംഭിച്ച ഉദയ് ഡബിൾഡക്കർ ഒരു വർഷത്തിലേറെയായി നഷ്ടത്തിലാണ്. വരുമാന നഷ്ടം പരിഹരിക്കാൻ ദക്ഷിണ റെയിൽവേയാണു സർവീസ് നീട്ടൽ ഉൾപ്പടെയുള്ള നിർദേശം മുന്നേ‍ാട്ടുവച്ചത്.

ഉദയ് വരുന്നതേ‍ാടെ പാലക്കാട് പെ‍ാള്ളാച്ചി പാതയില്‍ പുതിയെ‍ാരു ട്രെയിന്‍ കൂടി ലഭിക്കും. പൊള്ളാച്ചി പാലക്കാട് പാതയില്‍ വേണ്ടത്ര യാത്രക്കാരുണ്ടെങ്കിലും നിലവില്‍ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പാലക്കാട്ടെ പിറ്റ് ലൈന്‍ കൂടി യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

First double decker train to kerala trial run success