വടകര അഴിയൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എംപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. മേഖല പ്രസിഡന്‍റ്  റോഷിന്‍,  മേഖല കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ആക്രമണം ആസൂത്രിതമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു ആരോപിച്ചു.

 

ഇന്നലെ രാത്രി പത്തുമണിയോടെ പ്രചാരണം കഴിഞ്ഞു മടങ്ങുമ്പോഴാണ് ആര്‍എംപി നേതാക്കളായ രോഷിനും രതുലിനും നേരെ ആക്രമണമുണ്ടാകുന്നത്. ചിറയില്‍ പീടികയില്‍ വച്ച്  സി.പി.എമ്മുകാരായ ഇരുപതോളം പേര്‍ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് റോഷിനും രതുലും പറയുന്നു. 

 

മുഖ്യമന്ത്രി ഇന്നലെ വടകരയില്‍ സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷം നടന്ന ആക്രമണം കരുതിക്കൂട്ടി നടത്തിയതാണെന്ന് ആര്‍.എം.പി. തലയ്ക്കും മുഖത്തും പരുക്കേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം പ്രതികരിച്ചിട്ടില്ല.