TAGS

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണായകമായി മാറിയ ഒരു സംഭവത്തിന്‍റെ അറുപതാം വാര്‍ഷികമാണിന്ന്. സി.പി.ഐയെ പിളര്‍ത്തി ദേശീയ കൗണ്‍സിലില്‍ നിന്ന് 32 നേതാക്കള്‍ ഇറങ്ങിവന്നത് ഇന്നേക്ക് കൃത്യം അറുപത് വര്‍ഷം മുമ്പ്..... സി.പി.എമ്മിന്‍റെ പിറവി കുറിച്ച ദിനം.  1964 ഏപ്രില്‍ 11.  സി.പി.ഐ ദേശീയ കൗണ്‍സില്‍ ചേരുകയാണ്. രൂക്ഷമായ തര്‍ക്കം. ഒടുവില്‍ 110 അംഗങ്ങളുള്ള സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് 32 നേതാക്കള്‍ ഇറങ്ങിപോന്നു. ഇതില്‍ എന്‍.ശങ്കരയ്യ കഴിഞ്ഞ വര്‍ഷം അന്തരിച്ചതോടെ 100 വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന്‍ മാത്രം ബാക്കി. 

 

ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ വര്‍ഗസ്വഭാവമെന്ത്, കോണ്‍ഗ്രസുമായുള്ള ബന്ധം,  പാര്‍ട്ടി പരിപാടി, ചൈനീസ് കമ്യൂണിസ്റ്റ് മാതൃക വേണോ റഷ്യന്‍ മാതൃക വേണോ, ചൈനയോടുള്ള നിലപാട് തുടങ്ങിയ കാര്യങ്ങളില്‍ നടന്ന ഉള്‍പാര്‍ട്ടി സമരം ഒടുവില്‍ അനിവാര്യമായ പിളര്‍പ്പിലേക്ക് എത്തിക്കുകയായിരുന്നു.  സി.പി.ഐയെ റിവിഷനിസ്റ്റുകളെന്നും വലതുകമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും സിപിഎമ്മുകാര്‍ പരിഹസിച്ചു. സി.പി.എമ്മിന് ചൈനാപ്രേമമെന്നും പിളര്‍പ്പന്‍മാരാണെന്നും തിരിച്ചും ആക്ഷേപമുണ്ടായി. 

 

പിളര്‍പ്പിന് പിന്നാലെ 1965ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 40 സീറ്റ് നേടി സി.പി.എം കരുത്തുതെളിയിച്ചു. സി.പി.ഐ മൂന്ന് സീറ്റില്‍ ഒതുങ്ങിപ്പോയി. പിളര്‍പ്പ് ആ കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നു എന്നാണ് പിന്നീടും സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാട്. പുനരേകീകരണമെന്ന ആശയം സി.പി.ഐ പലപ്പോഴും മുന്നോട്ടുവച്ചെങ്കിലും ഐക്യം മതിയെന്ന നിലപാടുമായി സി.പി.എം അകന്നുതന്നെ നിന്നു. കാലം മാറി, ഇരുപാര്‍ട്ടികളും തീര്‍ത്തും മെലിഞ്ഞു. ഇരുപാര്‍ട്ടികളുടെയും ഇന്നത്തെ നിലപാട് കേട്ടാല്‍ സി.പി.എം–സി.പി.ഐ ലയനം എന്നത് പലരുടെയും കാല്‍പനിക മോഹമായി അവശേഷിക്കും.