ഐപില്‍എല്‍ തരംഗം പടക്കവിപണിയിലും. വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ വിപണി കീഴടക്കുകയാണ് ബാറ്റും ബോളും അടക്കമുള്ള ഹരിതപടക്കങ്ങള്‍.  10 രൂപ മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെ വിലവരും ഇത്തരം പടക്കങ്ങള്‍ക്ക്.  ഡാന്‍സിങ് ബട്ടര്‍ഫ്ലൈയിലേയ്ക്കാണ് കുട്ടികളുടെ നോട്ടം. കത്തിച്ചാല്‍ പറന്നു കറങ്ങി കത്തുമത്രേ.

 

ഫ്രീഫയര്‍, കിറ്റ്കാറ്റ് , അവതാര്‍– പലവിധമുണ്ട് പടക്കങ്ങള്‍. എല്ലാം ഹരിതപടക്കങ്ങളാണ്. ഇവയ്ക്ക് പുകയുണ്ടാകില്ല. രാസവസ്തുക്കള്‍ അധികം ചേര്‍ക്കാത്തതിനാല്‍ തന്നെ അന്തരീക്ഷ മലിനീകരണം കുറവായിരിക്കും. ഐപില്‍ ആരാധകര്‍ക്കായി സ്പെഷ്യല്‍ ബാറ്റും ബോളും ഇറങ്ങിയിട്ടുണ്ട്. ബാറ്റിന് തീ കൊളുത്തുന്നതോടെ പന്തും കത്തും. ബാറ്റ് ചെറു ശബ്ദത്തോടെ പൊട്ടുമ്പോള്‍ പന്ത് പൂത്തിരി പോലെ വര്‍ണങ്ങള്‍ വിതറും.  

 

മെഗാ പീക്കോക്ക് പൂത്തിരിയില്‍ തീ കത്തിച്ചാല്‍ മയില്‍ പീലി വിടര്‍ത്തുന്നതുപോലെ അഞ്ചുഭാഗത്തേക്ക്  പൂത്തിരി ചിതറും. അഞ്ച് പൂത്തിരികള്‍ ഒരുമിച്ച് കത്തുന്ന ഡാന്‍സിങ് അംബ്രല്ലയും  പ്രത്യേകതയാണ്.