അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ പൊലീസിനെ കുഴക്കിയ ഡോണ്‍ബോസ്കോ എന്ന ഇമെയില്‍ ഐ.ഡിയുടെ ഉടമ ആര്യയെന്ന് സ്ഥിരീകരണം. എട്ട് വര്‍ഷം മുന്‍പ് നവീനാണ് അന്യഗ്രഹ ജീവിതമെന്ന വിചിത്ര വിശ്വാസത്തിന് തുടക്കമിട്ടത്. മരണത്തിലേക്ക് നയിച്ച അന്ധവിശ്വാസ പ്രേരണയ്ക്ക് പിന്നില്‍ മറ്റ് ആര്‍ക്കും പങ്കില്ലെന്ന നിഗമനത്തില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീക്കാനാണ് പൊലീസ് തീരുമാനം.
അന്യഗ്രഹജീവിതത്തേക്കുറിച്ചുള്ള വിചിത്രവിശ്വാസം പ്രചരിപ്പിച്ചിരുന്ന ഡോണ്‍ബോസ്കോ എന്ന ഇ മെയില്‍ ഐ.ഡിയുടെ ഉടമ അരുണാചലിലെ ഹോട്ടലില്‍ മരിച്ച വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ അധ്യാപിക ആര്യ തന്നെ. ആര്യയ്ക്കും നവീനും ദേവിയ്ക്കും ഇടയില്‍ വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി തയാറാക്കിയ വ്യാജ മെയില്‍ ഐ.ഡിയാണത്. അന്ധവിശ്വാസപ്രേരണയ്ക്ക് പിന്നില്‍ മറ്റൊരാളുടെ സാന്നിധ്യം ഇല്ലെന്ന് കരുതുന്ന പൊലീസ് ഇതുവരെ കണ്ടെത്തിയ കഥ ഇങ്ങിനെയാണ്. ആയൂര്‍വേദ ഡോക്ടറായി ജോലി ചെയ്യുന്നതിനിടെ 2016ലാണ് നവീന്‍ വിചിത്രവിശ്വാസത്തിലേക്ക് തിരിയുന്നത്. ആദ്യം ഭാര്യയായ ദേവിയേയും ആ വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും വഴങ്ങിയില്ല. ഇതോടെ ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്രചിന്തകളുടെ ഭാഗമാക്കാനും നവീന്‍ ശ്രമിച്ചു. ഇവരും വഴങ്ങിയില്ലന്ന് മാത്രമല്ല നവീനെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ പ്രളയം വന്ന് ഭൂമി ഉടന്‍ നശിക്കുമെന്നും അതിന് മുന്‍പ് അന്യഗ്രഹത്തില്‍ പുനര്‍ജന്മം നേടണമെന്നും വിശ്വസിച്ച നവീന്‍ ആ പാതയില്‍ തുടര്‍ന്നു. നവീന്റെ ഉപദേശങ്ങള്‍ വഴി ഒടുവില്‍ ദേവി വിചിത്രവിശ്വാസിയായി. അതിനിടെ 2020ലാണ് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിപ്പിക്കുന്നതിനിടെ ആര്യയും ദേവിയും പരിചയപ്പെടുന്നത്. പൊതുവേ ഇത്തരം ചിന്തകളോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ആര്യയെ ദേവി വഴി നവീന്‍ തന്റെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് ദേവിയേക്കാള്‍ കടുത്ത അന്ധവിശ്വാസിയായി ആര്യമാറി. മൂവരും തമ്മിലുള്ള അടുപ്പത്തിലും ആര്യയുടെ പെരുമാറ്റത്തിലുമൊക്കെ സംശയം തോന്നിയ വീട്ടുകാര്‍ കൗണ്‍സിലിങിന് വിധേയമാക്കി. ദേവിയുമായി അടുപ്പം പുലര്‍ത്തുന്നത് വിലക്കുകയും ചെയ്തെങ്കിലും മൂവരും രഹസ്യമായി അടുപ്പവും വിചിത്രവിശ്വാസവും തുടര്‍ന്നു. 2023 മാര്‍ച്ചില്‍ അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളിലെത്തി ധ്യാനത്തില്‍ പങ്കെടുത്ത നവീനും ദേവിയും മരണത്തിന് അരുണാചല്‍ തിരഞ്ഞെടുക്കുകയും ഒരു വര്‍ഷം തികയുന്ന വേളയില്‍ ദേവിയെ അവിടേക്ക് കൊണ്ടുപോവുകയുമായിരുന്നു. പുനര്‍ജന്മമെന്ന സ്വപ്നമാവാം മരണമെന്ന വഴി തിരഞ്ഞെടുക്കാന്‍ കാരണമെന്നും പൊലീസ് കരുതുന്നു.
Trivandrum couples death