യുഡിഎഫ് ജില്ലാ ചെയർമാനായ സജി മഞ്ഞക്കടമ്പിലിന്‍റെ രാജിയിൽ സജീവ ചർച്ചകളുമായി എൽഡിഎഫും യുഡിഎഫും. പ്രശ്നം പരിഹരിക്കണമെന്ന കോൺഗ്രസ് നിർദേശത്തെ തുടർന്ന് തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാൻ കേരള കോൺഗ്രസ് ജോസഫിന്‍റെ ശ്രമങ്ങൾ തുടങ്ങി. സജി കേരള കോൺഗ്രസ് എമ്മിലേക്ക് എന്ന അഭ്യൂഹങ്ങൾക്കിടെ സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണിയും രംഗത്തെത്തി.

യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജോസഫിന്‍റെ ജില്ലാ പ്രസിഡണ്ടുമായ സജി മഞ്ഞക്കടമ്പന്‍റെ രാജി യുഡിഎഫ് ക്യാമ്പിൽ ചെറുതല്ലാത്ത നിരാശയാണ് ഉണ്ടാക്കിയത്. ഫ്രാൻസിസ് ജോർജിനെതിരായ അപര സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെ ആത്മവിശ്വാസത്തിൽ ആയിരുന്ന യുഡിഎഫ് സജിയുടെ രാജി ഏൽപ്പിച്ച മങ്ങൽ മറികടക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പാർട്ടി ചെയർമാൻ പി ജെ ജോസഫ്  ഇടപെട്ട് സജിയെ അനുനയിപ്പിക്കാനും പരസ്യ പ്രതികരണങ്ങളെങ്കിലും ഒഴിവാക്കാനും നിർദ്ദേശം നൽകി കഴിഞ്ഞു. ജോസ് കെ മാണിക്കെതിരെ പലവട്ടം കടന്നാക്രമിച്ച് പ്രതികരണങ്ങൾ നടത്തിയിട്ടുള്ള സജി യുഡിഎഫിന്‍റെ പൊളിറ്റിക്കൽ ക്യാപ്റ്റൻ ആയിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു.

രാഷ്ട്രീയത്തിലെ ഭാവി തീരുമാനങ്ങൾ കുടുംബത്തോട് ആലോചിച്ച ശേഷമേ ഉള്ളൂ എന്നാണ് സജിയുടെ വിശദീകരണം. ജില്ലാ പ്രസിഡന്‍റ് തന്നെ രാജിവെച്ചത് കേരള കോൺഗ്രസ് എം പ്രചാരണ ആയുധമാക്കുന്നതോടെ പ്രചാരണ തന്ത്രങ്ങൾ മാറ്റി പിടിക്കാനുള്ള ചർച്ചകളും യുഡിഎഫിൽ സജീവമാണ്.

 

Saji Manjakadambil resignation.