thrikkakaracoupon

പണക്കിഴിക്ക് പിന്നാലെ തൃക്കാക്കര നഗരസഭയിൽ ഗിഫ്റ്റ് കൂപ്പൺ വിവാദം. കൗൺസിലർമാർക്ക് നൽകാനെന്നപേരിൽ നഗരസഭ വൈസ് ചെയർമാൻ സ്വകാര്യ ബാങ്കിൽ നിന്ന് 50 ഗിഫ്റ്റ് കൂപ്പണുകൾ വാങ്ങി മുക്കിയെന്നാണ് ആക്ഷേപം. നടപടി കൗൺസിൽ അറിഞ്ഞിട്ടില്ലെന്ന് ചെയർപേഴ്സണും നിലപാടെടുത്തു. 

തൃക്കാക്കര നഗരസഭാ ബജറ്റിനോടനുബന്ധിച്ച് കൗൺസിലർമാർക്ക് വിതരണം ചെയ്യുന്നതിനായി 5000 രൂപയുടെ 50 ഗിഫ്റ്റ് കൂപ്പണുകളാണ് വൈസ് ചെയർമാൻ വാങ്ങിയത്. എന്നാൽ ഭരണപക്ഷത്തെ ഒരു വിഭാഗത്തിനും പ്രതിപക്ഷത്തിനും കൂപ്പൺ നൽകിയില്ല. വിവരം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം നടത്തിയ അന്വേഷണത്തിൽ 50 കൂപ്പണുകൾ ആവശ്യപ്പെട്ട് വൈസ് ചെയർമാൻ സ്വകാര്യ ബാങ്കിന് നൽകിയ കത്ത് ലഭിച്ചു. നഗരസഭാ സെക്രട്ടറി അയക്കുന്നു എന്ന് കാണിച്ചിരിക്കുന്ന കത്തിൽ പേരെഴുതി ഒപ്പിട്ടിരിക്കുന്നത് വൈസ് ചെയർമാൻ ആണ്.

കൗൺസിൽ അറിയാതെയാണ് ഗിഫ്റ്റ് കൂപ്പൺ വാങ്ങിയിരിക്കുന്നത് എന്നായിരുന്നു നഗരസഭാധ്യക്ഷയുടെ പ്രതികരണം. ഗിഫ്റ്റ് കൂപ്പൺ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്.

Thrikkakara municipality gift coupon case