ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരില്‍ നടപടി നേരിടുന്ന നഴ്സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്‍കാന്‍ ആലോചന. ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണിത്. സ്ഥലം മാറ്റം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ പുനഃപരിശോധന ഹർജി നൽകി.അതേസമയം ആറാംദിവസവും അനിത പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആരോഗ്യമന്ത്രി തള്ളിപ്പറഞ്ഞെങ്കിലും അനിത പിന്തിരിഞ്ഞില്ല. ഹൈക്കോടതി വിധിയുണ്ടായിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാത്തതിനെതിരെ ഇന്നും അനിത സമരം തുടര്‍ന്നു. കട്ട പിന്തുണമായി കണ്ണുകെട്ടി പ്രതിഷധിച്ച് അതിജീവിതയും. പക്ഷെ ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ മുഖ്യമന്ത്രിയും ആവര്‍ത്തിച്ചതോടെ സര്‍ക്കാര്‍ പകപോക്കുകയാണന്ന ആക്ഷേപം ശക്തമായി.
ആരോഗ്യമന്ത്രിയുടെ എല്ലാ വൃത്തികേടിനും മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണന്ന് അനിതയെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് പറഞ്ഞു. കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി എംടി രമേശും അനിതയ്ക്ക് പിന്തുണ അറിയിച്ചു. സ്ത്രീപക്ഷ സര്‍ക്കാരെന്ന് പറയുന്നവര്‍ വേട്ടക്കാര്‍ക്കൊപ്പമാണന്ന് തെളിഞ്ഞെന്ന് അനിത.
അനിതയ്ക്കെതിരായ നടപടിയുടെ പേരില്‍ ഇടതുപക്ഷ സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണന്ന് ആരോപിച്ച് ജീവക്കാര്‍ മാര്‍ച്ച് നടത്തി. തിങ്കളാഴ്ച അനിത സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അത് കൂടി നോക്കിയായിരിക്കും സര്‍ക്കാറിന്‍റെ അന്തിമ തീരുമാനം