തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ ജനങ്ങള്‍ സഭാതലങ്ങളില്‍ ശിവതാണ്ഡവം ആടാനോ നടുത്തളത്തില്‍ ഇറങ്ങി  ബഹളംകൂട്ടാനോ അല്ല അയക്കുന്നതെന്ന് പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍. ഡോ. ശശിതരൂരിന് പിന്തുണയുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച എഴുത്തുകാരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഡോ. ശശിതരൂരിനെ ആദ്യമായി കണ്ടതും പണംകൊടുത്ത് അദ്ദേഹത്തിന്‍റെ പുസ്തകം വാങ്ങി കയ്യൊപ്പ് പതിപ്പിച്ചതും ഓര്‍മിച്ചുകൊണ്ടാണ് ടി.പത്മനാഭന്‍ തുടങ്ങിയത്. 

പാ‍ര്‍ലമെന്റിലോ നിയമസഭയിലോ അംഗങ്ങളെ തിരഞ്ഞെടുത്ത് അയയ്ക്കുന്നത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടണമെന്നും പത്മനാഭന്‍. തുടര്‍ന്ന് ജനപ്രതിനിധി എന്തായിരിക്കരുതെന്ന ഉപദേശവും. പല എഴുത്തുകാരും പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പരസ്യമായിത്തന്നെ രംഗത്തുവന്ന സാഹിത്യകാരന്മാരോട് നന്ദിപറഞ്ഞ തരൂര്‍ മത്സരലക്ഷ്യം ചെറുതല്ലെന്ന് വ്യക്തമാക്കി. 

 

നെഹ്റുസെന്‍റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍  പെരുമ്പടവം ശ്രീധരന്‍ ഉള്‍പ്പടെ 125 എഴുത്തുകാര്‍ പങ്കെടുത്തു. സ്വന്തം കൃതികള്‍ തരൂരിന് സമ്മാനിച്ചായിരുന്നു എഴുത്തുകാര്‍ പിന്തുണയറിയിച്ചത്.