റമസാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ഇന്ന്. വിശ്വാസികൾ കണ്ണീരോടെ പ്രാർഥനയിൽ മുഴുകുന്ന മണിക്കൂറുകൾ. വൃതമാസം അവസാനിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കെ പാപമോചന പ്രാർഥനയിലാകും വിശ്വാസികൾ.
വിശ്വാസികൾക്ക് ഏറ്റവും പുണ്യമേറിയ ദിനമാണ് വെള്ളി. അത് റമസാനിലേതാകുമ്പോൾ പുണ്യം ഇരട്ടിയാകും. വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനം. പള്ളികളും വീടുകളും പ്രാർഥനാ മുകരിതമാകുന്ന മണിക്കൂറുകൾ.
ജുമാ നിസ്കാരത്തോടൊപ്പം പ്രത്യേക പ്രാർഥനകളുണ്ടാകും, വൃത മാസത്തിന് വിശ്വാസികൾ സലാം പറയും. മരിച്ചു പോയവർക്കും പാപമോചനത്തിനും ഉള്ളുരുകി പ്രാർഥിക്കും. പളളികളിലെല്ലാം വിശ്വാസികളെ കൊണ്ട് നിറയും.
റമസാൻ വൃത രാവുകൾ അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കി. ആയിരം മാസത്തേക്കാൾ പുണ്യമേറിയ ലൈലത്തുർ ഖദർ പ്രതീക്ഷിക്കുന്ന 27 ആം രാവ് അടുത്ത ദിവസമാണ്. അന്നും വിശ്വാസികൾ കൂട്ട പ്രാർഥനയിൽ മുഴുകും. വൃതാനുഷ്ഠാനവും സൽകർമവും കൊണ്ട് സമ്പന്നമാക്കിയതിന്‍റെ ചാരിതാർഥ്യത്തിലാകും വിശ്വാസികൾ ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്യുക.