ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ഒഡീഷക്കാരന്‍ രജനികാന്ത റാണയെ തൃശൂര്‍ വെളപ്പായയില്‍ എത്തിച്ച് തെളിവെടുത്തു. അല്‍പസമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ ഒഡീഷക്കാരന്‍ രജനികാന്ത റാണ പിഴ അടയ്ക്കാന്‍ തയാറായില്ല. പിഴയില്ലാതെ പറ്റില്ലെന്ന് ടി.ടി.ഇ കെ.വിനോദ് പറഞ്ഞതോടെ ഒഡീഷക്കാരന്‍ പ്രകോപിതനായി. മദ്യലഹരിയില്‍ ടി.ടി.ഇയെ തള്ളി വീഴ്ത്തി.
ട്രെയിനില്‍ നിന്ന് വീണ വിനോദ് മുഖമടിച്ചാണ് ട്രാക്കില്‍ വീണത്. തല്‍ക്ഷണം മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം. ട്രെയിന്‍ കയറി കാലുകള്‍ അറ്റുപ്പോയ നിലയിലായിരുന്നു. കുന്നംകുളത്തെ ബാര്‍ ഹോട്ടലില്‍ ജീവനക്കാരനായ പ്രതിയെ മദ്യപിച്ച് ജോലിയ്ക്കു വന്നതിന് ഇന്നലെ പിരിച്ചുവിട്ടിരുന്നു.
കുന്നംകുളത്തു നിന്ന് നേരെ പ്രതി വന്നത് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍. എറണാകുളം, പട്ന ട്രെയിനില്‍ റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റില്‍ ടിക്കറ്റില്ലാതെ കയറി. ചെന്നുപ്പെട്ടത് ടി.ടി.ഇ കെ.വിനോദിന്റെ മുമ്പിലും. ഒഡീഷയിലേയ്ക്കുള്ള യാത്രയ്ക്കാണ് പ്രതി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് എങ്ങനെയാണെന്ന് സംഭവ സ്ഥലത്തെത്തിച്ചപ്പോള്‍ ഒഡീഷക്കാരന്‍ വിശദീകരിച്ചു.
ടിക്കറ്റില്ലാത്തതിന് പിഴയിട്ടതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുക്കൊടുത്തു.