ഇറ്റാനഗറില്‍ ദമ്പതികളുടെയും യുവതിയുടെയും മരണത്തിനു പിന്നാലെ പുറത്തുവരുന്നത് കേള്‍ക്കുമ്പോള്‍ വിശ്വസനീയമല്ലാത്ത കഥകളാണ്. ചെറുപ്രായത്തിലുള്ള വിദ്യാസമ്പന്നരായ മൂന്നു യുവജീവനുകള്‍ അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും പുറകേ പോയി മരണമേറ്റുവാങ്ങിയത് ഞെട്ടലോടെയേ കാണാനാവുകയുള്ളൂ. പുറത്തുവരുന്ന ഓരോ കാര്യത്തിലും അമ്പരപ്പാണ് അനുഭവപ്പെടുന്നത്. വീടിന്റെ പേര് കാവ് എന്നാണ്. ചിന്ത പരലോകത്തെക്കുറിച്ചും മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും മാത്രം. രക്തവും രക്തത്തുള്ളിയും മൃതദേഹവും സ്ഥിരം കാണാനാഗ്രഹിച്ച ചിത്രങ്ങള്‍. അങ്ങനെ നവീനെയും ഭാര്യയെയും സുഹൃത്തിനേയും ചുറ്റിപറ്റിക്കിടക്കുന്ന ദുരുഹതകള്‍ ഏറെ.
മലയാളി ദമ്പതികളായ നവീനെയും ഭാര്യ ദേവിയെയും അധ്യാപികയായ സുഹൃത്ത് ആര്യയെയും അരുണാചൽ പ്രദേശിൽ മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭർത്താവ് നവീൻ എന്നാണ് ലഭിക്കുന്ന സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.
ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും നാട്ടിൽ വിവരം അറിയിക്കേണ്ടവരുടെ ഫോൺ നമ്പറും മേശയിലുണ്ടായിരുന്നു. സിസിടിവിയിൽ സംശായസ്പദമായൊന്നും കണ്ടെത്തിയില്ല. അതേസമയം, എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാൻ യുട്യൂബ് വിഡിയോകൾ പരിശോധിച്ചതായി കണ്ടെത്തി. നവീനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.
ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ് ആര്യ. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. കഴിഞ്ഞദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെയും ക്രൈസ്റ്റ് നഗർ സ്കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്സ് റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.
Arunachal Death case, Lot of Misteries around the family