പതിനായിരം കോടി കടമെടുക്കാന്‍ അനുമതി കിട്ടാത്തത് സംസ്ഥാനത്തിന് തിരിച്ചടിയായി. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ ഭരണഘടനാബെഞ്ചിന് വിട്ടതോടെ വിഷയം തീര്‍പ്പാക്കുന്നത് വൈകും. പുതുസാമ്പത്തിക വര്‍ഷത്തിലും ധന പ്രതിസന്ധി തുടരുമെന്നതാണ് ബാക്കിപത്രം.
ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ തുടങ്ങിയവ കുടിശികയാണ്. വിഷുവിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക കൂടി നല്‍കുമെന്നായിരുന്നു വാഗ്ദാനം. പദ്ധതി നിര്‍വഹണത്തിന്‍റെ ബില്ലുകള്‍ ട്രഷറിയില്‍ ക്യൂവില്‍ കിടക്കുന്നു. പതിനായിരം കോടി കടമെടുക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഈ കുടിശികകള്‍ തീര്‍ക്കാമെന്നായിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ഇത് തെറ്റിച്ചാണ് അധികം കടമെടുപ്പിന് അനുമതി നല്‍കാതെ കേരളത്തിന്‍റെ ഹര്‍ജി നേരെ ഭരണഘടനാബെഞ്ചിന് വിട്ടത്. കേരളം ഉന്നയിച്ച വിഷയങ്ങളുടെ യോഗ്യത സുപ്രീംകോടതി പരിഗണിച്ചത് സര്‍ക്കാരിന് നേട്ടമാണ്. ഇക്കാര്യത്തില്‍ ഭരണഘടനാബെഞ്ച് കല്‍പ്പിക്കാന്‍ പോകുന്ന തീര്‍പ്പിന് ചരിത്രപ്രാധാന്യവുമുണ്ടാകും. പക്ഷേ അതൊന്നും നിലവിലെ കേരളത്തിലെ പ്രതിസന്ധിക്ക് ആശ്വാസം നല്‍കുന്ന കാര്യങ്ങളല്ല. ഈ മാസം ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നാണ് കഴിഞ്ഞദിവസം ധനമന്ത്രി പറഞ്ഞത്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതിനാല്‍ കടമെടുക്കാമെങ്കിലും കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമൊക്കെയെടുത്ത വായ്പ അതില്‍ നിന്ന് വെട്ടിക്കുറയ്ക്കും. ഏകദേശം 10000 കോടിയുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. തല്‍ക്കാലം തട്ടിമുട്ടി ശമ്പളവും പെന്‍ഷനും നല്‍കാമെങ്കിലും മറ്റ് ആനുകൂല്യങ്ങള്‍ മുടങ്ങും.