വീടോ മറ്റ് സ്വത്തോ ഇല്ലെങ്കിലും പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നനാണെന്ന് പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്‍റെ സത്യവാങ്മൂലം. ആകെ സ്വത്ത് 20,000 പുസ്തകങ്ങളാണ്. ഇതിന് 9.6 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ഈ പുസ്തകങ്ങള്‍ തിരുവനന്തപുരത്തെ സഹോദരന്‍റെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പറയുന്നു. ചിട്ടിയും നിക്ഷേപങ്ങളും കൈരളി ചാനല്‍ ഓഹരിയുമടക്കം 3.7 ലക്ഷംരൂപയുടെ നിക്ഷേപമാണുള്ളതെന്നും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.

 

മന്ത്രിമാരായ വീണ ജോർജ്, വിഎൻ വാസവൻ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് തോമസ് ഐസക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ജില്ലാ കലക്ടര്‍ സ്ഥാനാര്‍ഥിക്ക് ഫ്ലാസ്ക് സമ്മാനമായി നല്‍കുകയും ചെയ്തു. ചൂടുകാലം പരിഗണിച്ചാണ് ഫ്ലാസ്ക് നല്‍കുന്നതെന്നാണ് കലക്ടര്‍ പറയുന്നത്.

 

അതേസമയം സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുകയാണ്. തോമസ് ഐസ്ക്, വി.മുരളീധരന്‍, സി.രവീന്ദ്രനാഥ് എം.കെ.രാഘവന്‍, വി.വസീഫ്, കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരാണ് ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനും നാമനിർദേശ പത്രിക സമര്‍പ്പിച്ചു. പി.കെ.കൃഷ്ണദാസും മറ്റ് ഘടകകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു. 

 

ചാലക്കുടി എൽ.ഡി.എഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥ് എറണാകുളം കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപിച്ചു. തൃക്കാക്കര സിപിഎം ഏരിയ കമ്മറ്റി ഓഫിസിൽനിന്ന് പ്രവർത്തകർക്കും മന്ത്രി പി.രാജീവിനും ഒപ്പമാണ് സി. രവീന്ദ്രനാഥ് എത്തിയത് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനും പ്രകടനമായെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വസീഫും നാമനിര്‍ദേശപത്രിക നല്‍കി. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.എസ്.രാധാകൃഷ്ണന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

 

Books as assets Thomas Isaac's affidavit