സര്‍വകലാശാലയുടെ ചുമതല ഒഴിഞ്ഞത് തന്റെ നിലപാടിന്റെ പേരിലാണെന്നും ആരോടും പരിഭവമില്ലെന്നും കൊല്ലത്തെ ശ്രീനാരായണഗുരു ഒാപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന ഡോക്ടര്‍ പിഎം മുബാറക് പാഷ. മൂന്നുവര്‍ഷം കൊണ്ട് ഇരുപത്തിയെട്ട് കോഴ്സുകള്‍ക്ക് അംഗീകാരം നേടിയെടുത്തു. വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നുളള ഡോക്ടര്‍ പാഷയുടെ രാജി ഗവര്‍ണര്‍ കഴിഞ്ഞദിവസം അംഗീകരിച്ചത്.

2020 ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ ശ്രീനാരായണഗുരു ഒാപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ്ചാന്‍‌സലറായി 2020 ഒക്ടോബര്‍‌ രണ്ടിനാണ് ഡോക്ടര്‍ മുബാറക് പാഷ ചുമതലയേറ്റത്. സര്‍വകലാശാലയ്ക്ക് യുജിസി അംഗീകാരം നേടുകയും 2022 ജൂണില്‍ ആദ്യ ബിരുദദാനവും നടത്തി. നിലവില്‍ 28 കോഴ്സുകളിലായി ഇരുപത്തിരണ്ടായിരം പഠിതാക്കളാണുളളത്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് സര്‍വകലാശാലയുടെ പടിയിറങ്ങുന്നതെന്ന് ഡോ. പി.എം. മുബാറക് പാഷ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 22ന് രാജിക്കത്ത് നല്‍കിയെങ്കിലും തുടരാന്‍ ചാന്‍സലര്‍ അവസരം നല്‍കുകയായിരുന്നു.

യുജിസി വഴി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരുകോടി രൂപയുടെ പ്രത്യേക ഗ്രാന്‍‍ഡ് ലഭിച്ചതും പഠിതാക്കള്‍ക്കായി കൊല്ലത്ത് സംസ്ഥാന കലോല്‍സവം നടത്തിയതും നേട്ടമാണെന്നും ഡോ. മുബാറക് പാഷ കൂട്ടിച്ചേര്‍ത്തു.