kseb

വൈദ്യുതി ബോര്‍ഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തിന്റെ എഴുപത്തഞ്ച് ശതമാനം സര്‍ക്കാര്‍ ഏറ്റെടുത്തു. ബോര്‍ഡിന് എഴുനൂറ്റി അറുപത്തേഴ് കോടി എഴുപത്തിയൊന്നുലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള  ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന്. എങ്കിലും വൈദ്യുതി ഉപയോഗം രണ്ടാഴ്ചയിലേറെയായി നൂറുദശലക്ഷം യൂണിറ്റിന് മുകളില്‍ തുടരുന്നതിനാല്‍ കെ.എസ്.ഇ.ബിയുടെ സാമ്പത്തിക പ്രതിസന്ധി ഒഴിയുന്നില്ല

 

സാമ്പത്തിക ഞെരുക്കംകാരണം നട്ടംതിരിയുന്ന വൈദ്യുതി ബോര്‍ഡിന് സര്‍ക്കാര്‍ എഴുനൂറ്റി അറുപത്തേഴ് കോടി എഴുപത്തിയൊന്നുലക്ഷം രൂപ അനുവദിച്ചത് താല്‍ക്കാലികാശ്വാസമായി. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ കെഎസ്ഇബിയുടെ നഷ്ടത്തിന്റെ എഴുപത്തഞ്ച് ശതമാനമാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുപ്പ് പരിധി കൂട്ടുന്നതിനാണ് ഈ നടപടി. വൈദ്യുതി ബോര്‍ഡിന്റെ കത്ത് പരിഗണിച്ച് വിശദപരിശോധനയ്ക്ക് ശേഷം തുക അനുവദിച്ചുകൊണ്ട് ഇന്നലെ പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ബോര്‍ഡിന് ഇത് താല്‍ക്കാലികാശ്വാസമാകുമെങ്കിലും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. ഈ മാസം 11 മുതല്‍ ഇന്നുവരെ ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ തുടരുകയാണ്.പ്രതിദിന ഉപഭോഗം തുടര്‍ച്ചയായി നൂറുദശലക്ഷം യൂണിറ്റിന് മുകളിലാകുന്നത് ആദ്യം. 

 

വൈദ്യുതി ബോര്‍ഡിനെ അലട്ടുന്നതും വര്‍ധിച്ച ഉപയോഗം തന്നെയാണ്. പ്രതിദിനം ശരാശരി 12 കോടിരൂപയാണ് വൈദ്യുതി വാങ്ങാന്‍ ചെലവിടുന്നതവ്. കഴിഞ്ഞദിവസവും കേരളം ഉപയോഗിച്ചത് 101.42 ദശലക്ഷം യൂണിറ്റ് ഇതില്‍ ആഭ്യന്തര ഉല്‍പാദനം വെറും 13.14 ദശലക്ഷം യൂണിറ്റ് മാത്രം. ബാക്കി 88.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പവര്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് വാങ്ങി. ഇതിന് യൂണിറ്റിന്  എട്ടുരൂപമുതല്‍ 12 രൂപവരെയാണ് ചെലവിടേണ്ടിവരുന്നത്. ഇത് നടപ്പുസാമ്പത്തികവര്‍ഷത്തെ വരവുചെലവു കണക്കില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും.

 

Government has borne 75% of the losses of the Electricity Board