ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികള്‍ മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായ സാമ്പത്തിക നേട്ടം സംബന്ധിച്ച വിവരങ്ങളോ രേഖകളോ ഇല്ലെന്ന് ഡല്‍ഹി കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണറുടെ മറുപടി. യൂത്ത് കോണ്‍ഗ്രസ്  കോഡിനേറ്റര്‍ വിനീത് തോമസ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിനാണ് മറുപടി. അതേസമയം എ.സമ്പത്തിനായി  48,41,277രൂപയും  കെവി തോമസിനായി ഇതുവരെ 28,87,559  രൂപയും ചിലവാക്കിയതായി മറുപടിയില്‍ പറയുന്നു. വേണു രാജാമണിയുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 

 

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയെകൊണ്ട് നേട്ടമല്ല കോട്ടമാണ് സംസ്ഥാന സര്‍ക്കാരിന് എന്നാണ്  ആരോപണം .  പ്രത്യേക പ്രതിനിധികള്‍ മൂലം സംസ്ഥാന സര്‍ക്കാരിനുണ്ടായ സാമ്പത്തിക നേട്ടം,അര്‍ഹമായ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന  യൂത്ത് കോണ്‍ഗ്രസ്  കോഡിനേറ്റര്‍ വിനീത് തോമസിന്‍റെ ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഉത്തരം നല്‍കി  കയ്യൊഴിയുകയാണ് ഡല്‍ഹി കേരള ഹൗസ് റസിഡന്‍റ് കമ്മീഷ്ണര്‍. കോടികള്‍ ഇവര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിക്കുമ്പോഴാണ് ഈ മറുപടി.

 

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഡല്‍ഹിയില്‍ ഏകോപിക്കുന്നതിനായി 2019 ആഗസ്റ്റില്‍ ചുമതലയേറ്റ എ സമ്പത്ത് 2021 മാര്‍ച്ചില്‍ രാജിവച്ചു. 19 മാസത്തിനിടെ ആകെ ചിലവ്  48,41,277രൂപ.

 

2021 സെപ്തംബര്‍ മുതല്‍ 2023 സെപ്തംബര്‍വരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കിലുണ്ടായിരുന്ന വേണുരാജാമണിയുടെ വിവരങ്ങള്‍ ലഭിക്കാന്‍ വിവരാവകാശ അപേക്ഷ നോര്‍ക്കക്ക് കൈമാറിയിട്ടുണ്ടെന്നാണ് മറുപടി. നിലവിലുള്ള കെ.വി.തോമസിനായി  2023 ജനുവരി 18 മുതല്‍ 12 മാസത്തേക്ക്   28,87,559രൂപ ചിലവഴിച്ചു കഴിഞ്ഞു. സര്‍ക്കാരിന്‍റെ അനാവശ്യ സാമ്പത്തിക ബാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ കാലങ്ങളായി സ്ഥിരം വിഷയമാണ്  ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി.