വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടന്നു. കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും നിറഞ്ഞു.
പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. വയനാട് നടവയൽ ഹോളിക്രോസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മനുഷ്യനേക്കാള്‍ പ്രാധാന്യം കാട്ടുമൃഗത്തിന് കൊടുക്കുന്നുണ്ടോയെന്ന് സംശയമെന്നും ചില നിലപാടുകള്‍ കാണുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോക്ടർ തോമസ് ജെ. നെറ്റോ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ നേതൃത്വം നൽകി. കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി
പുതുപ്പള്ളി നിലയ്ക്കൽ പള്ളിയിൽ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറസിന്റെ കാർമികത്വത്തിൽ ഓശാന തിരുകര്‍മ്മങ്ങള്‍ നടന്നു. എറണാകുളം തിരുവാങ്കുളം ബിഷപ്പ് ഹൗസ് ചാപ്പലിലെ ഓശാന തിരുക്കർമങ്ങൾക്ക് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് കാർമികത്വം വഹിച്ചു.
തിരുവല്ല കുമ്പനാട് മാർത്തോമ്മാ വലിയ പള്ളിയിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സിഎസ്ഐ മധ്യകേരള മഹായിടവകയിലും ഓശാന ഞായർ ആചരിച്ചു.