തീപാറുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ ഇഫ്താറിൽ സൗഹൃദം പങ്കിട്ട് ആലപ്പുഴയിലെ യു.ഡി.എഫ്– എല്‍.ഡി.എഫ് സ്ഥാനാർത്ഥികൾ . ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് കെ.സി.വേണുഗോപാലും അഡ്വ.എ.എം. ആരിഫും ഒന്നിച്ചെത്തിയത്. രാഷ്ട്രീയം വേറെ, സൗഹൃദം വേറെ എന്നായിരുന്നു ഇരുവരുടെയും പ്രതികരണം.
രാഷ്ട്രീയം പുറത്തു നിർത്തിയാണ് കെ.സി. വേണുഗോപാലും എ.എം. ആരിഫും ആലപ്പുഴ ലജനത്ത് ഓഡിറ്റോറിയത്തിലെത്തിയത്. ലജനത്തുൽ മുഹമ്മദീയ സംഘടിപ്പിച്ച ഇഫ്താർ വിരുന്നായിരുന്നു വേദി. ചൂടേറിയ രാഷ്ട്രീയ പോരാട്ടത്തിന്‍റെ ടെൻഷനൊന്നും ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നില്ല. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരടക്കം വിവിധ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലുളളവര്‍ ഇരുവർക്കുമൊപ്പം ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.
കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി.എന്‍ പ്രതാപന്‍, പിപി ചിത്തരഞ്ചന്‍ എംഎല്‍എ, ലജനത്തുല്‍ മുഹമ്മദീയ പ്രസിഡന്‍റ് കൂടിയായ മുസ്‍ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ എ.എം.നസീര്‍ അടക്കമുള്ളവരും കെ.സിയുടെയും ആരിഫിന്‍റെയും സൗഹൃദത്തിനൊപ്പം ചേര്‍ന്നു. ഇഫ്താർ വിരുന്നിനെത്തിയവരുമായി സൗഹൃദം പങ്കിട്ട ശേഷം ഇരുവരും തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലേക്കിറങ്ങി