കൊച്ചി എസ്.എ റോഡിലെ അപകടകരമായ തട്ടുകൾ കെ.എം.ആർ.എൽ നീക്കം ചെയ്തു. റോഡ് താഴ്ന്നുപോയതിനെ തുടർന്ന് രൂപപ്പെട്ട തട്ടുകളാണ് യന്ത്രസഹായത്തോടെ നിരപ്പാക്കിയത്. ഈ ഭാഗത്ത് അപകടങ്ങൾ പതിവായതിനെ തുടർന്നാണ് നടപടി.
വൈറ്റില മുതൽ പനമ്പിള്ളിനഗർവരെ റോഡിന് നടുവിൽ രൂപപ്പെട്ട തട്ടുകളാണ് കഴിഞ്ഞ രാത്രി നീക്കം ചെയ്തത്. വലിയ കട്ടിങ് യന്ത്രത്തിന്‍റെ സഹായത്തോടെ ബാക്കി റോഡ് നിരപ്പിനൊപ്പം ടാറിങ് അടര്‍ത്തി മാറ്റി. അരിഞ്ഞ് നീക്കിയ ടാർ അവശിഷ്ടങ്ങൾ കൺവെയർ സംവിധാനത്തിലൂടെ ലോറിയിലേക്ക് മാറ്റി.
മെട്രോ പില്ലറുകളുടെ ഇടയിലുള്ള ഭാഗത്തെ റോഡാണ് താഴ്ന്നുപോയത്. അതേസമയം പില്ലറുകളുടെ അടിയിലുള്ള പൈൽ ക്യാപ്പിന് മുകളിൽ ഇട്ടിരുന്ന ടാറിങ്ങിന് മാറ്റം ഉണ്ടാകാതിരുന്നതോടെ തട്ടുകൾ രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ നടപടി വേണമെന്ന ആവശ്യം ശക്തമായി. ഇതോടെയാണ് നിരപ്പാക്കൽ നടത്തിയത്.
KMRL Road Maintenance Work