wild

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കകൊമ്പന്റെ പരാക്രമം. സിങ്കുകണ്ടത്തെ ജനവാസമേഖലയിലിറങ്ങിയ ആന കൃഷി നശിപ്പിച്ചു. മൂന്നാർ സെവൻമലയിൽ കരിമ്പുലിയിറങ്ങി. കോതമംഗലം കുനൻ മലയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു.  

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ചക്കക്കൊമ്പൻ സിങ്കുകണ്ടത്തെ ജനവാസ മേഖലയിലെത്തിയത്. നാട്ടുകാർ ബഹളം വെച്ചതോടെ കൊമ്പൻ കൃഷിയിടത്തിലേക്ക് നീങ്ങി. പുലർച്ചെ വരെ പ്രദേശത്ത് തുടർന്ന ആന വ്യാപക കൃഷിനാശമുണ്ടാക്കി. തുടർച്ചയായുള്ള കാട്ടാന ആക്രമണം വനംവകുപ്പിന്റെ അനാസ്ഥ മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. 

ഒരാഴ്ചയായി കുട്ടമ്പുഴ പഞ്ചായത്തിൽ ഭീതി വിതയ്ക്കുന്ന കാട്ടാനക്കൂട്ടം കൂനൻമല സ്വദേശി തോമസിന്റെ വീട് തകർത്തു. തോമസും കുടുംബവും ബന്ധുവീട്ടിലായതിനാൽ വലിയ അപകടം ഒഴിവായി. പുലർച്ചെയെത്തിയ കാട്ടാനകൾ ജോൺസൺ എന്നയാളുടെ പുകപ്പുരയും കൃഷിയും നശിപ്പിച്ച ശേഷമാണ് കാട് കയറിയത്. 

 

കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന ഇടുക്കിയില്‍ കരിമ്പുലിയെയും കണ്ടെത്തി. ജർമൻ വിനോദ സഞ്ചാരികളുമായി സെവൻമലയിലെത്തിയ ടൂറിസ്റ്റ് ഗൈഡ് രാജാണ് കരിമ്പുലിയെ ആദ്യം കണ്ടത്. പിന്നീട് ദൃശ്യങ്ങൾ പകർത്തുകയും വനംവകുപ്പിൽ വിവരമറിയിക്കുകയും ചെയ്തു. പ്രദേശത്ത് കരിമ്പുലിയുടെ സാനിധ്യമുണ്ടെന്ന് പിന്നീട് വനംവകുപ്പ് സ്ഥിരീകരിച്ചു. 

 

Black Panther Spotted In Idukki