nit-protest

കോഴിക്കോട് മുക്കം എന്‍ഐടിയിലെ രാത്രി നിയന്ത്രണത്തിനെതിരെ പ്രധാനകവാടങ്ങള്‍ ഉപരോധിച്ച് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ച് അധികൃതര്‍. ഉപരോധം മൂലം അധ്യാപകര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ക്യാംപസിലേയ്ക്ക് പ്രവേശിക്കാന്‍ ആയിട്ടില്ല. അധികൃതരുടെ ജനാധിപത്യ വിരുദ്ധനടപടികള്‍ക്കെതിരെയാണ് സമരമെന്ന് വിദ്യാര്‍ഥികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

അര്‍ധരാത്രി തുടങ്ങിയ പ്രതിഷേധപരിപാടികള്‍ രാവിലെ ഉപരോധത്തിലേയ്ക്ക് നീങ്ങി. എല്ലാ കവാടങ്ങളും അടച്ചിട്ടതോടെ അധ്യാപകരടക്കമുള്ള ജീവനക്കാര്‍ക്ക് ക്യാംപസിലേക്ക് കയറാനായില്ല. ഇതേച്ചൊല്ലി ജീവനക്കാരും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നാണ് വിദ്യാര്‍ഥി പ്രതിനിധികളെ അധികൃതര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. രാത്രി പതിനൊന്നിന് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. 

 

അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ക്ലാസ് മുടക്കിയുള്ള സമരം അനിശ്ചിതകാലത്തേയ്ക്ക് തുടരാനാണ് തീരുമാനം. മുമ്പും ക്യാംപസില്‍ സമരങ്ങളുണ്ടായിട്ടുണ്ടെങ്കിലും അപൂര്‍വമായേ ക്ലാസ് മുടക്കിയുള്ള സമരത്തിലേയ്ക്ക് വിദ്യാര്‍ഥികള്‍ കടക്കാറുള്ളൂ.