പത്മജ വേണുഗോപാലിനെ അനുയിപ്പിക്കാന്‍ മധ്യസ്ഥനെ നിയോഗിച്ച് ചര്‍ച്ച നടത്തിയെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മനോരമ ന്യൂസിനോട്. പിന്നാലെ സംസ്ഥാന നേതൃത്വവും വിഷയത്തില്‍ ഇടപെട്ടെങ്കിലും പത്മജ വഴങ്ങിയില്ലെന്ന് മുല്ലപ്പള്ളി വെളിപ്പെടുത്തി. വടകരയില്‍ ഷാഫി പറമ്പിലിനായി പ്രചാരണം സജീവമാക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്‍റ്.
വടകരയില്‍ എന്‍ഡിഎയുടെ റോഡ് ഷോയില്‍ പങ്കെടുത്ത് കെ. മുരളീധരനെതിരെയും യൂത്ത് കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് പത്മജ എത്തിയതോടെയാണ് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍. അതായത് ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന്‍റെ രണ്ടാഴ്ച്ച മുമ്പ് പത്മജ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. അപ്പോള്‍ മധ്യസ്ഥനായ ബന്ധുവഴി പത്മജയെ പിടിച്ചുനിര്‍ത്താന്‍ നോക്കി. നടന്നില്ല.
പിന്നാലെ വിവരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയപ്പോഴേയ്ക്കും എല്ലാം തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. പത്മജ പോയത് നേതാക്കള്‍ അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം അനൗദ്യോഗികമായി വിശദീകരിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചില്‍.