ബസ് മാര്‍ഗം കടത്തുകയായിരുന്ന നാല്‍പ്പത്തി ഒന്‍പത് ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. പാലക്കാട് വടക്കഞ്ചേരി സ്വദേശി അഭിനവാണ് വാളയാറിലെ പരിശോധനയ്ക്കിടെ പിടിയിലായത്. രക്ഷപ്പെടാന്‍ വിനോദസഞ്ചാരിയെന്ന അടവ് പ്രയോഗിച്ചെങ്കിലും ആദ്യമേ തന്നെ കള്ളി പൊളിഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലക്ഷങ്ങള്‍ മോഹിച്ചായിരുന്നു അഭിനവിന്‍റെ യാത്ര. ബെംഗലൂരുവിലെത്തി കുറഞ്ഞ വിലയ്ക്ക് മെത്തഫിറ്റമിന്‍ വാങ്ങുമ്പോഴും നാട്ടിലെത്തിയാല്‍ കിട്ടുന്ന മോഹ വിലയായിരുന്നു മനസില്‍. വഴിയിലെ പരിശോധന മറികടക്കാനും മാര്‍ഗം കണ്ടെത്തി. ബെംഗലൂരുവില്‍ നിന്നും ലഹരി വാങ്ങി കോയമ്പത്തൂരിലിറങ്ങി. അവിടെ നിന്നും കെഎസ്ആര്‍ടസിയില്‍ നാട്ടിലേക്ക് പുറപ്പെട്ടു. പൊതുഗതാഗതം ഉപയോഗിച്ചാല്‍ അധിക പരിശോധനയില്ലാതെ ലക്ഷ്യം പിടിക്കാമെന്നായിരുന്നു ധാരണ. വിനോദസഞ്ചാരിയെന്ന് തോന്നിപ്പിക്കുന്ന മട്ടില്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാഗും കൈയില്‍ കരുതി.
അതിര്‍ത്തി കടന്ന് വാളയാറിലെത്തിയപ്പോള്‍ എക്സൈസിന്റെ പതിവ് വാഹന പരിശോധന. പാതിമയക്കം നടിച്ച് യാത്രാലക്ഷ്യമൊക്കെ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ കീശയില്‍ കൈയിട്ടതോടെ യുവാവ് പരിഭ്രാന്തിയിലായി. പോക്കറ്റില്‍ തന്നെയുണ്ടായിരുന്നു മെത്തഫിറ്റമിന്‍. നേരത്തെയും സമാനരീതിയില്‍ ലഹരി നാട്ടിലെത്തിച്ചിട്ടുണ്ടെന്നാണ് യുവാവിന്‍റെ മൊഴി. സ്വന്തം ഉപയോഗത്തിനൊപ്പം വിലകൂടിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനും ആഢംബര ജീവിതം നയിക്കുന്നതിനുമാണ് പണം ചെലവഴിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവാവിനൊപ്പം മറ്റാര്‍ക്കെങ്കിലും ലഹരികടത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.