ക്ഷേത്രോല്‍സവത്തിനൊപ്പം ഇഫ്താര്‍ വിരുന്നും. മലപ്പുറം ചെമ്പ്രശേരി ഈസ്റ്റ് പുളിവെട്ടിക്കാവില്‍ ശ്രീവീരഭദ്ര സ്വാമി ക്ഷേത്രം ജനകീയ പൂര കമ്മിറ്റിയാണ് ഉല്‍സവത്തിന്‍റെ ഭാഗമായി വിപുലമായ ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
സൗഹാര്‍ദ വിരുന്നിന്‍റെ ഭാഗമാവാന്‍ 130 വര്‍ഷത്തിലധികം പഴക്കമുളള ക്ഷേത്രാങ്കണത്തിലേക്ക് ഇപ്രാവശത്തെ ഉല്‍സവത്തിന് നാടാകെ ഒഴുകി എത്തുകയായിരുന്നു. പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലിലായിരുന്നു സമൂഹനോമ്പുതുറ. അഞ്ഞൂറിലധികം പേര്‍ ഇഫ്താറിന്‍റെ ഭാഗമായി.
എല്ലാ വര്‍ഷവും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ് ക്ഷേത്രത്തിലേത്. ക്ഷേത്രോല്‍സവും റമസാനും ഒരേ സമയത്ത് നേരത്തെ ഒന്നും ഒത്തു വന്നിരുന്നില്ല. ഇനി വരുന്ന വര്‍ഷങ്ങളിലും അവസരം കിട്ടുമ്പോഴെല്ലാം ഉല്‍സവത്തിനൊപ്പം ഇഫ്താര്‍ വിരുന്നു കൂടി സംഘടിപ്പിക്കാമെന്ന് പരസ്പരം പറഞ്ഞാണ് കൂടിയവരെല്ലാം പിരിഞ്ഞത്.