"കലിയുഗത്തിന്‍റെ അപഭ്രംശം" മോന്‍സന്‍ മാവുങ്കലിന്‍റെ കലൂരിലെ മ്യൂസിയം വീട് ഇന്ന കണ്ടാല്‍ ആരായാലും അങ്ങനെ പറഞ്ഞുപോകും. ഭയപ്പെടുത്തുന്ന കാഴ്ചകളാണ് പുറത്തെങ്കില്‍ അകത്തുകയറിയാല്‍ ആരായാലും ചിരിച്ചുപോകും. വീട്ടില്‍ കഴിഞ്ഞദിവസം കള്ളന്‍ കയറിയെങ്കിലും മോശയുടെ അംശവടിയും ഉണ്ണികണ്ണന്‍റെ വെണ്ണപാത്രമൊക്കെ ആര്‍ക്കുംവേണ്ടാതെ അവിടെ തന്നെയുണ്ട്.
കലിയുഗത്തിന്‍റെ മാറാലക്കെട്ടുകളില്‍ കുരുങ്ങി കാവല്‍ നില്‍ക്കുന്ന സിംഹങ്ങള്‍ ഇപ്പോളുമുണ്ട്. ഈ പഠിപ്പുരകടന്നാല്‍ ഇന്ന് പുരാവസ്തു മനയ്ക്കലേക്ക് എത്താന്‍ കാട്ടുവഴി താണ്ടണം. ഭ്രമയുഗത്തിന്‍റെ ഭീതിയേറ്റുന്ന അടയാളങ്ങളായി ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ മുറ്റത്ത്. അതിഥികളെ വരവേല്‍ക്കാല്‍ ഉമ്മറത്ത് കൊമ്പൊടിഞ്ഞ് നിലത്തുവീണ് പ്രതാപമറ്റ ഗജവീരന്‍. എന്നാല്‍ മനയുടെ അകത്തളത്ത് ഇരുള്‍വീണ ഭ്രമയുഗ കാഴ്ചകളില്ല. ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍.... ദര്‍ബാറിലെത്തിയാല്‍ ഭ്രമിപ്പിക്കും കാഴ്ചകള്‍കണ്ട് പോക്കറ്റും കാലിയായി നാണക്കേടിന്‍റെ പടുക്കുഴിയില്‍പ്പെട്ട പലരുടെയും മുഖം ഓര്‍മവരും. ഭയം ചിരിക്കായി വഴിപിരിയുന്നത് ഇവിടെയാണ്.
ടിപ്പുവിന്‍റെ സിംഹാസനം അതേസ്ഥാനത്ത്. ഏത് ടിപ്പുവെന്ന് ചോദ്യം നിരോധിച്ചു. ബാക്കിയുള്ളത് എന്ത് എങ്ങനെയൊക്കെയെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദീകരിക്കും. ആദ്യനിലയിലെ കാഴ്ചകള്‍കണ്ടാല്‍ സെക്യൂരിറ്റി ഗേറ്റ് കടന്ന് രണ്ടാംനിലയിലേക്ക്. താളിയോലകളും ഗ്രന്ഥങ്ങളും അവിടെയാണ്. മലപ്പുറംകത്തി, മെഷീന്‍ഗണ്ണ്, അമ്പുംവിലും തുടങ്ങിയ ഐറ്റംസ് തൊട്ടടുത്ത മുറിയിലാണ്. പട്ടുമെത്തകളും സൗന്ദര്യവര്‍ധക വസ്തുക്കളും അതിനുള്ള ചികിത്സ നടത്തിയിരുന്ന ഇടങ്ങളും ഇനി പുരാവസ്തുപട്ടികയില്‍ ഉള്‍പ്പെടുത്താവുന്നഅവസ്ഥയിലാണ്. എന്നാല്‍ കഴിഞ്ഞദിവസം വീട്ടില്‍ കയറിയ കള്ളന്‍ ഇതൊന്നും തൊട്ടുപോലും നോവിച്ചിട്ടില്ല. പകരം മറ്റ് ചില വസ്തുക്കള്‍ കൊണ്ടുപോയി. ആളെ ഏറെക്കുറി ക്രൈംബ്രാഞ്ചിന് മനസിലായ മട്ടാണ്. ഏതായാലും വീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി മോന്‍സന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. വാടകപോലും ലഭിക്കാത്തതിനാല്‍ വീട് തനിക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി വീടിന്‍റെ യഥാര്‍ഥ ഉടമ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
Theft at monson mavunkal museum house at kaloor