ആലുവ നഗരമധ്യത്തിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ കാര്‍ തിരുവനന്തപുരം മംഗലപുരത്തുനിന്ന് കണ്ടെത്തി. കണിയാപുരം കായലിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കാറില്‍ പലയിടത്തും രക്തക്കറയുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

ആലുവയില്‍ തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിനും റയിൽവേ സ്റ്റേഷനുമിടയിൽ വച്ചാണ് രാവിലെ ഏഴിന് ചുവന്ന കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. റോഡരികിൽ അരമണിക്കൂറോളം കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയത്. ഓട്ടോ ഡ്രൈവർമാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി.

 

 

ചുവന്ന കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമയുടെ വിശദാംശങ്ങള്‍ ലഭിച്ചു. കാര്‍ മറ്റൊരാള്‍ക്ക് നല്‍കിയിരുന്നതായും വാഹനത്തില്‍ ജി.പി.എസുണ്ടെന്നും ഉടമ അറിയിച്ചു. പരിശോധനയില്‍ കാര്‍ തിരുവനന്തപുരം ജില്ലയിലെത്തിയെന്ന് മനസിലായി. തുടര്‍ന്ന് മംഗലപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണിയാപുരം കായലിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തി. പരിശോധനയില്‍ കാറിനുള്ളില്‍ പലയിടത്തും രക്തക്കറ കണ്ടെത്തി. ഒരു പ്ലയര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. കാറില്‍ നാലുപേരുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ഒരാളെ തട്ടികൊണ്ട് പോയി ആലപ്പുഴയിൽ ഉപേക്ഷിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് നിഗമനം.