വയനാട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ബോർഡ് പെയിന്‍റ് ഉപയോഗിച്ച് വികൃതമാക്കി പ്രതിഷേധം. ചികിൽസാ പിഴവ് മൂലം ബന്ധു മരിച്ചെന്ന് പരാതിയിൽ തുടർനടപടികൾ എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് യുവാവ് ബോർഡ് വികൃതമാക്കിയത്.
ഫെബ്രുവരി 29നാണ് മാനന്തവാടി സ്വദേശി ഷോണിന്‍റെ സഹോദരി ഭർത്താവിനെ ഗുരുതരാവസ്ഥയിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് വച്ച് ഇയാള്‍ക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസാ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ആശുപത്രിയുടെ ബോർഡ് വികൃതമാക്കിയത്.
ആർ.എം.ഒയുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി ഷോണിനെ അറസ്റ്റ് ചെയ്തു നീക്കി. ചികിൽസാ പിഴവുണ്ടായിട്ടില്ലെന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം രോഗിയെ ഉടൻതന്നെ കോഴിക്കോട്ടേക്ക് റഫർ ചെയ്തു എന്നുമാണ് മെഡിക്കൽ കോളജ് അധികൃതരുടെ വാദം.