മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ മാര്‍പ്പാപ്പ ധന്യന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. വിശുദ്ധനായി നാമകരണം ചെയ്യുന്നതിന്‍റെ മുന്നോടിയാണ് പദവി. മലങ്കര കത്തോലിക്കാ സഭയുടെ കൃതജ്ഞതാ ബലി ഇന്ന് പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടത്തും. 

 

ദൈവദാസന്‍ ആര്‍ച്ചുബിഷപ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ  ധന്യനായി ഉയര്‍ത്തിയത്  വത്തിക്കാനിലെ ചടങ്ങില്‍  ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് . വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേലോ സെമേറാനോ ഇത് സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കിയിരുന്നു.  1882 സെപ്റ്റംബര്‍ 21 ന് മാവേലിക്കര പണിക്കരുവീട്ടില്‍ തോമാ പണിക്കരുടെയും അന്നമ്മയുടെയും മകനായാണ് ഗീവര്‍ഗീസ്  ജനിച്ചത്.   1908 സെപ്റ്റംബര്‍ 15 ന് വൈദികപട്ടം സ്വീകരിച്ചു. 1919 ഓഗസ്റ്റ് 15 ന് റാന്നി പെരുന്നാട്ടില്‍ ബഥനി ആശ്രമം സ്ഥാപിച്ചു. 1925 മേയ് 1 ന് ബസേലിയോസ് ഗീവര്‍ഗ്ഗീസ് പ്രഥമന്‍ ബാവായില്‍ നിന്നും പരുമലയില്‍ വച്ച് ബഥനിയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് എന്ന പേര് സ്വീകരിച്ചു. 1930 സെപ്റ്റംബര്‍ 20 ന് കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1932 ജൂണ്‍ 11 ന്  മലങ്കര സുറിയാനി കത്തോലിക്കാ ഹയരാര്‍ക്കി സ്ഥാപിതമായി. തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായി. 1953 ജൂലൈ 15 ന് കാലം ചെയ്തു.  1998  ല്‍ നാമകരണ നടപടികള്‍ ആരംഭിച്ചു. 2007 ജൂലൈ 14 ന്  ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടിയില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളത് വാഴ്ത്തപ്പെട്ടവന്‍, വിശുദ്ധന്‍ എന്നീ പദവികളാണ്. മാര്‍ ഇവാനിയോസ്  ധന്യന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതിന്‍റെ  ആഹ്ളാദത്തിലാണ് വിശ്വാസി സമൂഹം 

 

മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള അനുസ്മരണ ശുശ്രൂഷകള്‍ ഇന്ന്  വൈകിട്ട് നാലിന് കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്‍റ്മേരീസ്  കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.