വയനാട്ടിലെ ഉല്‍സവപറമ്പുകളിലും ഘോഷയാത്രകളിലും പതിവായിരിക്കുകയാണ് വനിതകളുടെ സംഘം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ കലാരൂപം. കൈകൊട്ടികളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വര്‍ഷം മുന്‍പ് നെല്ലിക്കരയിലെ ഗ്രാമം കലാസംഘമാണ് കലാരൂപത്തിന്‍റെ ആശയത്തിനു പിന്നില്‍. വയനാട്ടില്‍ ആഘോഷവേളകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരിക്കുകയാണ് ഈ കലാരൂപം.

 

കഴിഞ്ഞ ഓണക്കാലത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് അവതരിപ്പിച്ച കൈകൊട്ടികളിയുടെ ഫ്യൂഷന്‍ രൂപം അന്ന് കാണികള്‍ക്ക് ഇഷ്ടമായി. പിന്നീട് അതേ പെര്‍ഫോമന്‍സിനായി കൂടുതല്‍ ആവശ്യക്കാരെത്തി. ശിവരാത്രി നാളില്‍ ഘോഷയാത്രയില്‍ പങ്കെടുത്തുകൊണ്ട് വീരനടനം കാഴ്ചവെച്ചതോടെ നാട്ടിലെ പുതിയ കലാസംഘത്തെ നാട്ടാരറിഞ്ഞു. ഗ്രാമം കലാസംഘം തുടക്കം കുറിച്ച കലാരൂപം ഇന്ന് നാട്ടില്‍ നിരവധി വനിതാ കൂട്ടായ്മകളാണ് ഏറ്റെടുത്തിരിക്കുന്നത്.

 

ചടുലമായ ചലനങ്ങളുമായി മണിക്കൂറുകളോ കിലോമീറ്ററുകളോ താണ്ടേണ്ടിവരുന്ന സംഘത്തിന്‍റെ ഊര്‍ജം കൂട്ടായ്മയെന്ന വികാരമാണ്. പരിശീലനത്തിലും പരിപാടിക്കായുള്ള ഒരുക്കത്തിലുമെല്ലാം കാണാം ഈ കൂട്ടായ്മയുടെ സൗഹൃദം. സ്കൂള്‍ കുട്ടികള്‍ തുടങ്ങി അമ്മമാര്‍ വരെയുണ്ട് ഈ പതിനൊനംഗ സംഘത്തില്‍. വീരനടനത്തെ കൂടുതല്‍ വേദികളിലേക്കെത്തിക്കാനാണ് ഗ്രാമം കലാസംഘത്തിന്‍റെ ശ്രമങ്ങള്‍.