കൊല്ലം ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്നു പേർ പിടിയിൽ. കഴിഞ്ഞ ദിവസം അരിപ്പ അമ്മയമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഘം പൊലീസിനെ ആക്രമിക്കുകയും ജീപ്പിന്‍റെ മിറര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. 

 

ഇന്നലെ രാത്രിയാണ് സംഭവം. അരിപ്പ അമ്മയമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് എത്തിയ എസ്ഐയുടെ വാഹനത്തിന് മുന്നിൽ ഒരു സംഘം നൃത്തം ചെയ്യുകയായിരുന്നു. മാർഗ തടസം സൃഷ്ടിച്ചു മുന്നോട്ട് പോകാൻ കഴിയാതെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞ് വെച്ച് ചുറ്റും കൂടി നൃത്തം ചെയ്തു. വനിത എസ്ഐ ഉപദ്രവിക്കുകയും ജീപ്പിന്റെ സൈഡ് മിറർ അടിച്ച് തകർക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിമോൻ, വിനീത്, രാജീവ് എന്നിവരെ അറസ്റ്റു ചെയ്തതത്. 

 

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉളളതായി പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെയാണ്. വേങ്കെല്ല ജംഗ്ഷനിൽ മടത്തറ മേലെ മുക്കിൽ നിന്നും ഘോഷയാത്ര വരവെ പ്രദേശവാസികൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുകയായിരുന്നു. തുടർന്ന് ചിതറ പൊലീസ് ജീപ്പ് ആൾക്കാരുടെ ഇടയിൽ കൊണ്ട് നിർത്തി. വീഡിയോ എടുത്തു നിന്നവർ പൊലീസ് ജീപ്പിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ചു. വാഹനം ഓടിച്ച ഡ്രൈവർ സീറ്റ് ബൽറ്റ് ഇട്ടിരുന്നില്ല. 

 

മൊബൈലിൽ അത് പകർത്തുകയായിരുന്നു എന്ന് കരുതി പൊലീസ് ജീപ്പിന്റെ ഡ്രൈവർ ജീപ്പിലിരുന്ന് ഫോൺ പിടിച്ച് വാങ്ങി. തുടർന്ന് ഫോണിനായി പിടിവലി നടക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്ത് ജനം തടിച്ച് കൂടി. ജീപ്പിൽ നിന്നും വനിത എസ്ഐ ആൾകൂട്ടത്തിലേക്ക് ഇറങ്ങി തിക്കിലും തിരക്കിലും പെടുകയായിരുന്നു.