ഒറ്റപ്പാലം പാലപ്പുറത്ത് യുവാവിനെ കൊന്നു കുഴിച്ചുമൂടിയ കേസിൽ കോടതി വിചാരണ തുടങ്ങിയതിനു പിന്നാലെ മുങ്ങിയ മുഖ്യപ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ഒന്നാംപ്രതി പാലപ്പുറം പാറയ്ക്കൽ മുഹമ്മദ് ഫിറോസിനെതിരെ വാറന്‍റ് പുറപ്പെടുവിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് പ്രോസിക്യൂഷന്‍റെ ഇടപെടൽ.
ലക്കിടി മംഗലം കേലത്ത് ആഷിഖിനെ പാലപ്പുറം അഴീക്കിലപ്പറമ്പിലെ വളപ്പിൽ കൊന്നുകുഴിച്ചു മൂടിയ കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഫിറോസ്. വിചാരണ നടപടികൾക്കു തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് കോടതി ഇയാൾക്കെതിരെ വാറന്‍റ് പുറപ്പെടുവിച്ചത്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ പ്രതി വിചാരണ തുടങ്ങിയതിനു പിന്നാലെ തുടർച്ചയായി അഞ്ച് തവണ കോടതിയിൽ ഹാജരായില്ല. ഇതിനു പിന്നാലെയാണു യുവാവിനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചതും ജാമ്യക്കാർക്കു നോട്ടിസ് അയച്ചതും.
ആദ്യം പുറംലോകം അറിയാതിരുന്ന കൊലപാതകത്തെ കുറിച്ച് 2 മാസത്തിനു ശേഷം 2022 ഫെബ്രുവരി 15 ന് ആണു ഫിറോസ് പൊലീനോട് വെളിപ്പെടുത്തിയത്. കവർച്ച കേസിൽ പട്ടാമ്പിയിൽ അറസ്റ്റിലായി നേരിട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ദുരൂഹമായ കൊലപാതകം സംബന്ധിച്ച കുറ്റസമ്മതം. തുടർന്നു നടത്തിയ തിരച്ചിലിലാണ് പാലപ്പുറം അഴീക്കിലപ്പറമ്പിൽ തോടിന്‍റെ കരയിലെ വളപ്പിൽ മൃതദേഹം കണ്ടെത്തിയത്. തുടരന്വേഷണത്തിനിടെ 2022 ഏപ്രിലിൽ ഫിറോസിന്റെ ബന്ധുവും പാലപ്പുറം സ്വദേശിയുമായ സുഹൈലും പിടിയിലായി. ഈസ്റ്റ് ഒറ്റപ്പാലത്തിനു സമീപത്തെ വളപ്പിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചെന്നാണ് കേസ്. പിന്നീടാണ് മൃതദേഹം അഴിക്കിലപ്പറമ്പിലെത്തിച്ചു കുഴിച്ചുമൂടിയത്. അതേസമയം, മുഖ്യപ്രതിയെ കാണാതായ സാഹചര്യത്തിൽ ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി വിചാരണ നടപടികൾ വിഭജിച്ചു. രണ്ടാം പ്രതിയുടെ വിചാരണ നടപടികളാണ് തുടങ്ങിയത്.