വീര്യം കുറഞ്ഞ മദ്യത്തിനു രണ്ടുണ്ട് കാര്യം. ചെറിയ കിക്കാണ് വേണ്ടതെങ്കില്‍ സംഗതി ഓക്കേ. എന്നാല്‍ വലിയ കിക്ക് വേണ്ടവര്‍ വീര്യം കുറഞ്ഞത് ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും വാങ്ങി കീശ കാലിയാകും. മദ്യ കമ്പനികളുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസമാണ് വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറച്ച് വില്‍പനയ്ക്കുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചത്.
ആല്‍ക്കഹോളിന്‍റെ അളവ് കുറവായതിനാല്‍ ഇതു വെള്ളം ചേര്‍ക്കാതെയും ഉപയോഗിക്കാനാകും. നിലവില്‍ ബിയര്‍ ഉപയോഗിക്കുന്ന അതേ രീതിയില്‍. റെഡി ടു ഡ്രിങ്ക് എന്ന പേരില്‍ കര്‍ണാടക, ആന്ധ്രാ, ഗോവാ തുടങ്ങിയതടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ വീര്യം കുറഞ്ഞ മദ്യം നിലവിലുണ്ട്. ടെക്ക് യോഗങ്ങള്‍, ടൂറിസം മീറ്റിങ്ങുകള്‍ എന്നിവയില്‍ ഈ മദ്യമാണ് ഉപയോഗിക്കുന്നത്. അതേ രീതിയിലുള്ള മദ്യം വേണമെന്നായിരുന്നു മദ്യ കമ്പനികളുടെ ആവശ്യം . 2022 ലാണ് ഇതിനുള്ള ചട്ടങ്ങള്‍ സര്‍ക്കാര്‍ രുപീകരിച്ചത്. ആദ്യം കാര്യമാക്കാതിരുന്ന സര്‍ക്കാര്‍ ഇപ്പോഴാണ് നടപടികളുമായി മുന്നോട്ടു പോയത്.
വിലകുറവാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണീയത. എന്നാല്‍ സ്ഥിരം ഉപഭോക്താക്കള്‍ വീര്യം കുറഞ്ഞ മദ്യമെന്നത് തള്ളുന്നു. സര്‍ക്കാര്‍ വേഗത്തില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഈ വര്‍ഷം തന്നെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തും.