ഡേറ്റ ബാങ്കിൽനിന്ന് ഭൂമി നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചശേഷം അത് പുനഃപരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിയമത്തിൽ വ്യവസ്ഥയില്ല. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമോ ചട്ടമോ ഇത്തരത്തിൽ ആർ.ഡി.ഒയ്ക്ക് അധികാരം നൽകുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

കുന്നത്തുനാട് പുത്തൻകുരിശ് വില്ലേജിൽ 44.72 സെന്റ് ഭൂമി ഡേറ്റ ബാങ്കിൽനിന്നു മാറ്റിയ ഉത്തരവ് പിൻവലിച്ച് ഭൂമി തരംമാറ്റാനുള്ള അപേക്ഷ ആർ.ഡി.ഒ തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. അടിസ്ഥാന ഭൂനികുതി റജിസ്റ്ററിലും ഡേറ്റാ ബാങ്കിലും ഹർജിക്കാരന്റെ ഭൂമി നിലമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അപേക്ഷ നൽകിയതിനെ തുടർന്ന് പ്രാദേശിക തല മേൽനോട്ട സമിതിയുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 ജനുവരി 24 ന് ഡേറ്റ ബാങ്കിൽനിന്ന് ഭൂമി മാറ്റി ആർഡിഒ ഉത്തരവിട്ടു. തുടർന്ന് ഭൂമി തരം മാറ്റുന്നതിനായി ഫോം ആറിൽ ഹർജിക്കാരൻ ആർഡിഒയ്ക്ക് അപേക്ഷ നൽകി. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് ഹർജിക്കാരന് അനുകൂലമായിരുന്നു. എന്നാൽ അപേക്ഷ തള്ളിയ ആർഡിഒ, ഭൂമി ഡേറ്റ ബാങ്കിൽനിന്നു മാറ്റിയ ഉത്തരവ് തിരിച്ചുവിളിച്ചു. റോഡ് നിരപ്പിനെക്കാൾ ഒന്നര മീറ്റർ താഴ്ന്നാണ് ഭൂമിയെന്നും, ഭൂമി നികത്തിയിട്ടില്ലെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആർഡിഒയുടെ ഉത്തരവ്. 

 

ഡേറ്റ ബാങ്കിൽനിന്ന് നീക്കം ചെയ്ത് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിച്ചത് നിലനിൽക്കില്ലെന്നാണ് കോടതി  വിലയിരുത്തിയത്. തുടർന്ന് അപേക്ഷ തള്ളിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ഹർജിക്കാരന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടുമാസത്തിനുള്ളിൽ ഉത്തരവിടണം. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് പരിഗണിച്ചശേഷം അപേക്ഷ പരിഗണിക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്.

 

High Court held that RDO has no power to review after issuing order removing land from data bank