പത്തനംതിട്ട പുല്ലാട് കേന്ദ്രമായ ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപത്തട്ടിപ്പിൽ നാലാം പ്രതി ലക്ഷ്മി ലേഖാ കുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. ലക്ഷ്മിക്കെതിരായ തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം പിടിയിലായ പ്രതികളുമായി സ്ഥാപനങ്ങളിൽ ഉൾപ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതി ഗോപാലകൃഷ്ണൻ നായരും മൂന്നാം പ്രതിയും മകനുമായ ഗോവിന്ദ്.ജി.നായരുമായി പൊലീസ് നടത്തിയ തെളിവെടുപ്പിൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇരുവരും മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തൽ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയും രണ്ടാം പ്രതിയുമായ സിന്ധു.വി.നായർ ഡയറക്ടർ ബോർഡ് അംഗമല്ല. സിന്ധു തട്ടിപ്പ് നടത്തിയതായുള്ള തെളിവുകളും കണ്ടെത്താനായിട്ടില്ല. അതേസമയം സാക്ഷി മൊഴികൾ സിന്ധുവിനെതിരാണ്. അതിനാൽ പ്രതി പിടിയിലായാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
ജി ആൻഡ് ജി ഫിനാൻസിന്റെ വിവിധ ബ്രാഞ്ചുകളിലെ തെളിവെടുപ്പിന് പുറമേ തിരുവല്ലയിൽ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലും തെളിവെടുപ്പ് നടത്തി. പണമോ സ്വർണമോ കണ്ടെത്താനായിട്ടില്ല. വിദേശത്തുള്ള നാലാം പ്രതി ലക്ഷ്മിക്കെതിരെ തെളിവുകളും സാക്ഷി മൊഴികളും ഇല്ലാത്തതിനാൽ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. പത്തനംതിട്ട ജില്ലയിൽ മാത്രം 40 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് വിവരം.
G&G Finance Investment Fraud; Lakshmi Lekha Kumar may be dropped from the charge sheet