വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ തന്‍റെ മകനെ കുറിച്ചുയരുന്ന പരാതികള്‍ വ്യാജമെന്ന് സിദ്ധാര്‍ഥിന്‍റെ അച്ഛന്‍ ജയപ്രകാശ്. പെണ്‍കുട്ടിയുടേതായി ഉയര്‍ന്ന പരാതി വ്യാജമാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സഹപാഠിയായ പെണ്‍കുട്ടിയോട് മറ്റൊരാള്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ പെണ്‍കുട്ടിക്ക് ഒപ്പം നിന്നതും പ്രതിഷേധിച്ചതും സിദ്ധാര്‍ഥാണെന്നും ജയപ്രകാശ് മനോരമന്യൂസിനോട് പറഞ്ഞു. സത്യം പുറത്ത് വരുന്നത് വരെ തളരാതെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

സിദ്ധാര്‍ഥിന്‍റെ അച്ഛന്‍ ജയപ്രകാശിന്‍റെ വാക്കുകള്‍ ഇങ്ങനെ.. ‘അവന്‍ എല്ലവരെയും സഹായിക്കുന്ന മനസുള്ള ഒരാളാണ്, ഇതിന് മുന്‍പ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോള്‍, അവന്‍റെ സഹപാഠിയായ വിദ്യാര്‍ഥിനിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയിരുന്നു. ആ സമയത്ത് മുന്നില്‍ നിന്ന്  പ്രതിഷേധിച്ചതും, ആ പെണ്‍കുട്ടിക്ക് ഒപ്പം നിന്നതുമൊക്കെ അവനാണ്. പല തവണ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവനെ വിളിച്ചിട്ടുണ്ട്. മാത്രമല്ല, മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കൊന്നതിന് ശേഷമാണോ പരാതി കൊടുക്കേണ്ടത്?’ കൊന്നയാളെയാണോ ജയിലിലടയ്ക്കാന്‍ പോകുന്നത്... ഇത് മാനസികമായി തളര്‍ത്താന്‍ നോക്കുന്നതാണ്. വീട്ടുകാരോടോ, പൊലീസിലോ അല്ലേ പരാതി കൊടുക്കേണ്ടത്.  ഒരിഞ്ചുപോലും തളിരല്ല..’ 

 

സിദ്ധാര്‍ഥനെതിരെയുള്ള പരാതി മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ്. പൊലീസുകാരടക്കം ആദ്യം പറഞ്ഞത് ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന്  ആത്മഹത്യ ചെയ്തുവെന്നാണെന്നും ജയപ്രകാശ് വെളിപ്പെടുത്തുന്നു. എന്നാല്‍ അത് സത്യമല്ല, മകന്‍റെ മരണം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നതായും മുന്നറിയിപ്പ് കിട്ടിയിരുന്നു. തളര്‍ന്നു പോകരുതെന്നാണ് മകന്‍റെ നല്ല സുഹൃത്തുക്കള്‍ പറഞ്ഞതെന്നും ജയപ്രകാശ് പറഞ്ഞു.