leapyear

ഫെബ്രുവരി 29ന് ജനിച്ചവർക്ക് ഒരുപാട് മനോവിഷമം പറയാനുണ്ടാകും. ഒരു പിറന്നാൾ ആഘോഷിക്കാൻ നാലു വർഷം കാത്തിരിക്കേണ്ടി വരുന്നതടക്കം പലതും. അധിവർഷത്തിൽ ജനിച്ച നൂറുകണക്കിനാളുകൾ അങ്ങനെ വിഷമം പറഞ്ഞും അനുഭവങ്ങൾ പങ്കു വെച്ചും ഇന്നലെ തൃശൂരിൽ ഒത്തുകൂടി. ലീപ് ഇയർ ഫ്രണ്ട്സ് എന്ന പേരിലായിരുന്നു സംഗമം.

 

തൃശൂർ സാഹിത്യ അക്കാദമി ഹാളിലായിരുന്നു അധി വർഷത്തിൽ ജനിച്ചവരുടെ അപൂർവമായൊരു കൂടിച്ചേരൽ. യഥാര്‍ത്ഥത്തില്‍ പിറന്നാൾ ആഘോഷിക്കാൻ നാലു വർഷം കാത്തിരിക്കേണ്ടി വരുന്നവരുടെ ഒന്നിച്ചുള്ള പിറന്നാൾ ആഘോഷമായിരുന്നു ഇന്നലെ തൃശൂരില്‍ നടന്നത്. 

 

തൃശൂർ ഒല്ലൂർ സ്വദേശി ഷാജി റാഫേൽ സോഷ്യൽ മീഡിയ പങ്കു വെച്ച പോസ്റ്റിനു പിന്നാലെയാണ് സംഗമം നടത്താൻ തീരുമാനമായത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും അധിവർഷത്തിൽ ജനിച്ച നൂറോളം ആളുകളും അവരുടെ കുടുംബവും എത്തിയിരുന്നു.

 

 

ഫെബ്രുവരി 29ന് ജനിച്ച ഇരട്ട കുട്ടികളും ജനിച്ചിട്ട് ആദ്യമായി പിറന്നാൾ ആഘോഷിക്കുന്നവരും കുറേ അധിവർഷം കൂടിയവരുമൊക്കെ സംഗമത്തിന് എത്തിയിരുന്നു. കേക്കു മുറിച്ചും റാലി നടത്തിയും സംഘടിപ്പിച്ച ആഘോഷം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഇനി 2028ൽ അടുത്ത ജന്മദിനത്തിൽ കാണാമെന്ന ഉറപ്പിലാണ് എല്ലാവരും മടങ്ങിയത്.