ElamaramKareem

എം.കെ.രാഘവനോളം തലയെടുപ്പുള്ള ഒരു സ്ഥാനാര്‍ഥിക്കായുള്ള എല്‍.എഡി.എഫിന്‍റെ അന്വേഷണം ചെന്നത്തിയത് എളമരം കരീം എന്ന കരീംക്കയിലേക്കാണ്. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി സ്വന്തമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി. പക്ഷെ എം.കെ.രാഘവന്‍ എന്ന കോഴിക്കോട്ടെ രാഘവേട്ടനെ നേരിടാന്‍ തലയെടുപ്പ് മാത്രം പോരാ, ചില പൊടിക്കൈകള്‍ കൂടി വേണം. 

 

എളമരം കരീമും രാഘാവേട്ടനും തമ്മില്‍ തുടങ്ങിയ മത്സരം ഇപ്പോള്‍ രാഘവേട്ടനിലും കരീംക്കയിലും എത്തി നില്‍ക്കുകയാണ്. എല്‍.എഡി.എഫ് ചേരിയിലാകെ എളമരം കരീം കരീംക്കയാണ്. പോസ്റ്ററുകളിലും ഇങ്ങനെ തന്നെ. കരീംക്ക ഹിറ്റാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇടതുപക്ഷം.

 

 

രാഘവേട്ടന്‍ എന്ന് പറയുന്നത് കൊണ്ട് പകരം ഒരു പേരിറക്കിയതാണെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ ഇതിന് മറുപടിയായി കരീംക്ക പറയുന്നത് ഇങ്ങനെയാണ്. 'ഞാന്‍ ഒരു മുതിര്‍ന്ന ആളല്ലേ, അതുകൊണ്ട് കരീംക്ക എന്നാണ് പൊതുവേ ആളുകള്‍ വിളിക്കാറ്. ആ വിളി തിരഞ്ഞെടുപ്പ് കമ്മിറ്റി ഏറ്റെടുത്തെന്ന് മാത്രമേയുള്ളു. സഖാക്കളും സുഹൃത്തുക്കളുമൊക്കെ, മുതിര്‍ന്നവരൊഴിച്ച് എല്ലാവരും എന്നെ കരീംക്ക എന്ന് തന്നെയാണ് വിളിക്കാറ്'.  

 

കരീംക്കയെ ഹിറ്റാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. മണ്ഡലത്തില്‍ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ചാണ് രണ്ട് മുന്നണികളുടേയും പോക്ക്. ഇത്തവണ ഒരു മുഴം മുമ്പെ എറിഞ്ഞുതുടങ്ങിയ എല്‍.ഡി.എഫ് അത് യാഥാര്‍ഥ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ്.