chottanikkara-makam-t

 

മകം തൊഴലിനൊരുങ്ങി ചോറ്റാനിക്കര ക്ഷേത്രം. നാളെ ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തരവരെയാണ് മകം തൊഴല്‍. ഒന്നരലക്ഷം ഭക്തര്‍ ഇത്തവണ എത്തുമെന്നാണ് കണക്കുക്കൂട്ടല്‍. 

 

നാളെ രാവിലെ അഞ്ചരയ്ക്ക് ഓണക്കുറ്റി ചിറയിലെ ആറാട്ടോടും ഇറക്കിപ്പൂജയോടും കൂടിയാണ് മകം തൊഴലിനുള്ള ചടങ്ങുകള്‍ക്ക് തുടക്കം. ആറാട്ടുകടവില്‍ പറകള്‍ സ്വീകരിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടര്‍ന്നായിരിക്കും മകം എഴുന്നള്ളിപ്പ്. 11ന് നട അടച്ചശേഷം മകം തൊഴലിനായുള്ള ഒരുക്കങ്ങള്‍ നടത്തും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്തരവരെ ഭക്തര്‍ക്ക് സര്‍വാഭരണവിഭൂഷിതയായ ദേവിയെ ദര്‍ശിക്കാം. ഇതിനായി ഇന്നലെ മുതലേ ഭക്തര്‍ ക്ഷേത്രത്തിലെത്തി പന്തലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ സംവിധാനമായിരിക്കും.

 

തിരക്ക് നിയന്ത്രിക്കാന്‍ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുളള പ്രാഥമിക ചികില്‍സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെളളവും സംഭാരവും ലഘുഭക്ഷണവും ക്ഷേത്രപരിസരത്ത് വിതരണം ചെയ്യും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും മകം തൊഴല്‍ ചടങ്ങുകള്‍.