SolarHangingFence

കണ്ണൂർ ആറളത്തെ കാട്ടാനകളുടെ ശല്യം തടയാനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലി പ്രവർത്തിക്കാതായിട്ട് ഒരു വർഷം. ആറളം ഫാം പത്താം ബ്ലോക്കിലെ 40 ഓളം കുടുംബങ്ങളുടെ സുരക്ഷയ്ക്കായാണ്  ആദിവാസി  വികസന ഫണ്ടിൽ നിന്നും  സോളർ വൈദ്യുതി വേലി നിർമ്മിച്ചത്.

ആറളം ഫാം ആദിവാസി പുനരധിധിവാസ മേഖലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം ഉണ്ടാകുന്ന പ്രദേശമാണ് ബ്ലോക്ക് 10 കോട്ടപ്പാറ. കാട്ടാനകൾ വീട്ടുമുറ്റത്ത് വരെയെത്തി കൃഷികൾ നശിപ്പിക്കുന്ന സാഹചര്യം. ഇതോടെയാണ് ആദിവാസി വികസന ഫണ്ടിൽ നിന്ന് തുക വകയിരുത്തി 51 ഏക്കർ കൃഷിയിടവും 40 ഓളം വീടുകളുടെ സുരക്ഷയ്ക്കുമായി സോളറിൽ പ്രവർത്തിക്കുന്ന തൂക്ക് വൈദ്യുതി വേലി നിർമ്മിച്ചത്.

കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സോളർ വേലിയിൽ തട്ടിയാൽ ശബ്ദം ഉണ്ടാകുന്ന രീതിയിലായിരുന്നു നിർമാണം. പദ്ധതി ആദ്യ ഘട്ടത്തിൽ വിജയമായിരുന്നു. കാട്ടാന ശല്യത്തിനും പരിഹാരം. എന്നാൽ ബാറ്ററിയടക്കം തകരാറിലായതോടെ സോളർ വൈദ്യുതി വേലി കാട്ടാനകൾ തന്നെ തകർത്തു തുടങ്ങി.

ഒരു കിലോമീറ്റർ ദൂരത്തിൽ 5 ലക്ഷം രൂപ ചെലവിൽ എന്ന കണക്കിനാണ് സോളർ വൈദ്യുതി വേലി സ്ഥാപിച്ചത്. വൈദ്യുതി വേലി പ്രവർത്തിക്കാതായതോടെ  വീടുകൾക്ക് മുന്നിൽ മരം കൊണ്ട് സംരക്ഷണ കവചവും ഒരുക്കേണ്ട അവസ്ഥയായി.  ആറളം ഫാമിലെ കാർഷിക മേഖലയിൽ നിന്നും കാട്ടാനകളെ തുരത്തിയാൽ ഈ വഴിയാണ്  ആനകൾ കാടുകയറേണ്ടത്. ആറളം വന്യജീവി സങ്കേതോട് തൊട്ടടുത്ത പ്രദേശം കൂടിയാണ് കോട്ടപ്പാറ.

It's been a year since the solar hanging fence at Aralam has been out of service