
കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാവോയിസ്റ്റ് പ്രവർത്തകൻ സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. കേസിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേന ഏറ്റെടുക്കും. ഇന്നലെയാണ് സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ ഉപേക്ഷിച്ച് കടന്നത്. പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി അംഗമാണ് ചിക്കമംഗളൂർ സ്വദേശി സുരേഷ്.
ഇന്നലെ വൈകിട്ട് ആറരയോടെ ചിറ്റാരികോളനിയിലെത്തിയ രണ്ട് വനിതകൾ ഉൾപ്പെട്ട ആറംഗ മാവോയിസ്റ്റ് സംഘം കൃഷ്ണനോട് ഭക്ഷണം ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പിച്ചു. തുടർന്ന് കാൽമുട്ടിന് പരുക്കേറ്റ സുരേഷിനെ കോളനിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കർണാടക വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് ചിറ്റാരി. ഇതിന് മുൻപും ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
വിവരമറിഞ്ഞ് കോളനിയിലെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യറുടെ നേതൃത്വത്തിൽ സുരേഷിനെ പാടാംകവലയിൽ എത്തിച്ചു. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രക്ഷപ്പെട്ട മാവോയിസ്റ്റ് സംഘത്തിനായി പൊലീസും തണ്ടർബോൾട്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
UAPA will be charged against Maoist Suresh