
സർവകലാശാലകൾ സംബന്ധിച്ച് സർക്കാർ - ഗവർണർ പോര് തുടരുന്നതിനിടെ , കേരള സർവകലാശാലയുടെ നിർണായക സെനറ്റ് യോഗം ഇന്ന്. വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നതാണ് പ്രധാന അജൻണ്ട. പ്രതിഷേധത്തിന് സാധ്യത ഉള്ളതിനാൽ ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സർവകലാശാലയിൽ താൽക്കാലിക വി.സിക്ക് പകരം സ്ഥിരം വി.സി വരണമെങ്കിൽ ആദ്യം സെർച്ച് കമ്മിറ്റി രൂപീകരിക്കണം. അതിലേക്കുള്ള സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ ആവർത്തിച്ചുള്ള നിർദ്ദേശത്തെ തുടർന്നാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേരുന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ എതിർപ്പുകളും ഉയർന്നു. സർച്ച് കമ്മറ്റിയിലുള്ള നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണു യോഗത്തിനുള്ളത്. 106 അംഗങ്ങളുള്ള സെനറ്റിൽ കോറം തികയാൻ മൂന്നിലൊന്ന് അംഗങ്ങൾ വേണം. ഭൂരിപക്ഷം ഇടതുപക്ഷ അംഗങ്ങൾ ആണെങ്കിലും ചാൻസിലർ നോമിനികളും യുഡിഎഫ് പ്രതിനിധികളും ഔദ്യോഗിക അംഗങ്ങളും യോഗത്തിന് എത്തിയാൽ കോറം തികയും. എൽഡിഎഫ് അംഗങ്ങൾ യോഗത്തിന് എത്താനാണ് സാധ്യത. സർവ്വകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ല എന്ന് ഇടത് അംഗങ്ങൾ വാദിക്കും. അതിനാൽ യോഗത്തിൽ പ്രതിനിധിയെ നിശ്ചയിക്കാനുള്ള സാധ്യത കുറവാണ്. സെനറ്റ് പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗമായതിനാൽ ചാൻസിലർ നിർദേശിച്ച നോമിനികളും പങ്കെടുക്കും. കാലിക്കറ്റ് സർവകലാശാലയിലെതു പോലെ ഇവിടെയും പ്രതിഷേധം ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസിലറും അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.