നിക്ഷേപ തട്ടിപ്പുകളുടെ പേരില്‍ സഹകരണ ബാങ്കുകള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന കാലത്ത് മികച്ച മാതൃകയുമായി വിജയഗാഥ തീര്‍ക്കുകയാണ് എറണാകുളം മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്ക്. കളമശേരി മണ്ഡലത്തിലെ യുവാക്കളുടെ കൂടി പങ്കാളിത്തത്തോടെ ഏഴുപത് ഏക്കര്‍ സ്ഥലത്ത് നടത്തിയ രാജകൂവ കൃഷിയില്‍ നിന്ന് ലഭിച്ചത് നൂറ് മേനി വിളവ്. ബാങ്കിങ് ഇതര വരുമാനം ലക്ഷ്യമിട്ട് കൂടിയാണ് കാര്‍ഷിക രംഗത്തുള്ള ഈ മുന്നേറ്റവും.
കൊച്ചി മെട്രോയില്‍ എസി മെക്കാനിക്കാണ് സജീര്‍. സജീറിന്‍റെ നേതൃത്വത്തില്‍ നാല്‍വര്‍ സംഘമാണ് രണ്ടരയേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ബാങ്ക് നല്‍കിയ വായ്പ മാത്രം മൂലധനമാക്കി രാജകൂവ കൃഷിയിറക്കിയത്. കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ കൃഷി പാഠം നല്‍കി. ആദ്യ വിളവെടുപ്പ് സംതൃപ്തിയുടേത് തന്നെ. കൃഷിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഈ കൂട്ടുകാരുടെ തീരുമാനം. തരിശിട്ട് കിടക്കുന്ന ഭൂമിയലടക്കമാണ് യുവാക്കളുടേയും വീട്ടമ്മമാരുടേയും എല്ലാം പങ്കാളിത്തതോടെ രാജകൂവകൃഷി ബാങ്ക് യാഥാര്ഥ്യമാക്കിയത്. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് ഇവയെല്ലാം സംഭരിക്കുന്നതും. സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങള് കൂവ കൃഷിക്കാര്‍ക്ക് ലഭ്യമാക്കാന്‍ കൃഷിവകുപ്പ് കൂടി തയാറാകണമെന്ന അപേക്ഷയുമുണ്ട് ബാങ്ക് ഭരണസമിതിക്ക്.
ബാങ്കിന്‍റെ കീഴിലുള്ള സംസ്കരണ ശാലയില്‍ തികച്ചും ശാസ്ത്രീയ രീതിയില്‍ സംസ്കരിച്ചാണ് മാഞ്ഞാലി ആരോ റൂട്ട് പൗഡര്‍ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നതും. ചക്ക, വാഴപ്പഴം എന്നിയില്‍ നിന്നും പല തരത്തിലുള്ള മൂല്യവര്‍ധന ഉല്‍പന്നങ്ങളും ഈ സംസ്കരണ ശാലയില്‍ നിന്നും വിപണിയിലെത്തിക്കുന്നുണ്ട്. കളമശേരി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന കൃഷിക്കൊപ്പം കളമശേരിയെന്ന പദ്ധതിയുടെ ഭാഗമായാണ് കൂവകൃഷിയിലേക്ക് കടന്നതും.