സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങളുടെ സബ്സിഡി കുറച്ച് വില ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം സാധാരണക്കാരന്‍റെ കീശ കീറും. 13 ഇനം സാധനങ്ങളുടെ സബ്സിഡി വെട്ടികുറച്ചതോടെ നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ 260 രൂപ ഇനി മുതല്‍ അധികമായി നല്‍കേണ്ടി വരും. പയറിന്‍റെയും പരിപ്പ് വര്‍ഗങ്ങളുടെയും വിലയിലാണ് വലിയ വ്യത്യാസം പ്രകടമാകുന്നത്.
74 രൂപ വിലയുണ്ടായിരുന്ന ചെറുപയറിന് 92 രൂപ 63പൈസയായിരിക്കും പുതിയ വില. ഒരു കിലോ ഉഴുന്നിന് ഇനി 95.28 രൂപ നല്‍കണം. നേരത്തെ 66 രൂപ. 43 രൂപയില്‍ വാങ്ങിയിരുന്ന വന്‍കടലയ്ക്ക് 69.93 രൂപയായി വില ഉയരും. വന്‍പയറിനും വിലയില്‍ വര്‍ധനവുണ്ട്, 45 രൂപയില്‍ നിന്ന് 75.78 രൂപയിലേക്കാണ് വില ഉയരുക. 65 രൂപയുണ്ടായിരുന്ന ഒരു കിലോ തുവരപ്പരിപ്പിന് 111.48 രൂപ നല്‍കണം. അരക്കിലോ മുളകിന് 75 രൂപയില്‍ നിന്ന് 82 രൂപയിലേക്ക് വില ഉയരും. പഞ്ചസാരയ്ക്ക് 5 രൂപ വര്‍ധിപ്പിച്ച് 27 രൂപ ഈടാക്കാനാണ് നിര്‍ദ്ദേശം.
അരലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 9 രൂപ വര്‍ധിച്ച് 55 രൂപയാകും. കിലോയ്ക്ക് 25 രൂപയുണ്ടായിരുന്ന അരിക്കും വില വര്‍ധനവുണ്ട്. ജയ അരി 29.46 രൂപയ്ക്കും കുറുവ 30.05 രൂപയ്ക്കുമാണ് ഇനി സപ്ലൈകോ വഴി കിട്ടുക. കിലോയ്ക്ക് 24 രൂപയായിരുന്ന മട്ട അരിക്കും ഇനി 30.86 രൂപ നല്‍കണം. പച്ചരിക്ക് 26 രൂപ നല്‍കണം. നേരത്തെ 23 രൂപയായിരുന്നു വില. ഏഴര വര്‍ഷത്തിന് ശേഷമാണ് സപ്ലൈക്കോയിലെ സബ്സിഡിയിനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
മന്ത്രിസഭാ യോഗത്തിന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ 13 ഉല്‍പന്നങ്ങള്‍ പൊതു വിപണിയില്‍ നിന്ന് വാങ്ങാന്‍ 1,466 രൂപയാണ് ചെലവ്. നിലവിലുള്ള സബ്സിഡിയോടെ ഇത് 680 രൂപയ്ക്ക് ലഭിക്കും. പുതുക്കിയ നിര്‍ദ്ദേശത്തിലെ വില കണക്കാക്കുമ്പോള്‍ 940 രൂപ നല്‍കണം. അതായത് വില വര്‍ധനവ് 260 രൂപയുടെ അധിക ചെലവ് സാധാരണക്കാരന് ഉണ്ടാക്കും
Propossal to increase the price of subsidy products in supplyco