യഥാസമയം വേതനം നൽകണമെന്നാവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളികൾ ധനമന്ത്രിയുടെ വസതിക്ക് മുന്നിൽ കഞ്ഞിവച്ച് സമരം. രണ്ടു മാസമായി വേതനം മുടങ്ങിയതിലാണ് തൊഴിലാളികൾ ധനമന്ത്രിയുടെ കൊട്ടാരക്കരയിലെ വസതിയിലേക്ക് മാർച്ച് നടത്തി കഞ്ഞി വച്ച് പ്രതിഷേധിച്ചത്.
ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ കൊട്ടാരക്കരയിലെ വസതിക്ക് മുന്നിലാണ് കഞ്ഞിവച്ച് സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധം. മൂന്നും നാലും മാസം കൂടുമ്പോൾ മാത്രമാണ് വേതനം ലഭിക്കുന്നത്. വേതനം മാത്രമല്ല, ക്ഷാമബത്ത , പെൻഷൻ, ചികിൽസാ ആനുകൂല്യങ്ങൾ എന്നിവയും മുടങ്ങുന്നു. അഞ്ഞൂറ് കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് നിലവിലെ കണക്ക്. ഇത് 250 ആക്കി ചുരുക്കണമെന്നും തൊഴിലാളികൾ പറയുന്നു.