പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേർ ഒഴുക്കിൽപെട്ട് മരിച്ചു. പുതുശേരിമല സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന, സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്. അപകടകരമായ കയം ഉള്ള മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.

 

ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ സാരി എറിഞ്ഞു നൽകിയിരുന്നതായി സാക്ഷികൾ. അപകടത്തിൽ ഉതിമൂട് കരിങ്കുറ്റിക്കൽ പുഷ്പമംഗലത്ത് അനിൽകുമാർ (52), മകൾ നിരഞ്ജന അനിൽ (അമ്മു–17), അനിലിന്റെ സഹോദരൻ റാന്നി കുത്തുകല്ലുങ്കൽപടി അറയ്ക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കുമ്പളാംപൊയ്ക വള്ളിയാനി വാലുപറമ്പിൽ വീട്ടിൽ സുനിലിന്റെ മകൻ ഗൗതം സുനിൽ (13) എന്നിവരാണു മരിച്ചത്. അനിലിന്റെ സഹോദരി അനിത വിജയനെ (ആശ) സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയിരുന്നു.

 

പമ്പാനദിയിലെ മുണ്ടപ്പുഴ ചന്തക്കടവിലാണ് (പമ്പ് ഹൗസ് കടവ്) അപകടമുണ്ടായത്. അനിൽകുമാർ, നിരഞ്ജന, ഗൗതം, അനിത, ഗൗതമിന്റെ മാതാവ് സീനമോൾ എന്നിവരാണ് കടവിൽ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമെത്തിയത്. സ്ത്രീകൾ തുണികൾ കഴുകുകയും അനിൽ അവ കഴുകിയെടുക്കുകയും അമ്മുവും ഗൗതമും ചേർന്ന് അവ പാറയിൽ വിരിച്ചിടുകയുമായിരുന്നു.

 

ഇതിനിടെ ആറ്റിലേക്കിറങ്ങിയ ഗൗതം ഒഴുക്കിൽപെട്ടു. ഗൗതമിനെ പിടിക്കാൻ അനിൽകുമാർ ചാടി. ഇരുവരും ഒഴുക്കിൽപെടുന്നതു കണ്ട് നിര‍ഞ്ജനയും ഇറങ്ങി. പിന്നാലെയാണ് അനിത ചാടിയെത്തിയത്. കടവിൽ നിന്നിരുന്ന ആനപ്പാറമല സ്വദേശി പ്രസന്ന സാരിയിട്ടു കൊടുത്ത് നിരഞ്ജനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അച്ഛൻ പോകുന്നെന്നു പറഞ്ഞ് പിന്നാലെ നീങ്ങുകയായിരുന്നു. ഇതിനിടെ ഒഴുക്കിൽപെട്ട അനിതയെ സാരിയിട്ടു കൊടുത്ത് പ്രസന്നയും മറ്റുള്ളവരും ചേർന്നു രക്ഷിച്ചു.

 

പിന്നാലെ പ്രസന്ന അറിയിച്ചതനുസരിച്ചെത്തിയ പമ്പ് ഓപ്പറേറ്റർ വിജയൻ സാരിയെറിഞ്ഞു കൊടുത്ത് ഇവരെ രക്ഷിക്കാൻ‌ ശ്രമിച്ചെങ്കിലും അവർ അതിൽ പിടിക്കാൻ തയാറായില്ല. പമ്പ് ഹൗസിൽ നിന്നു ഉയരം കൂടിയ കോവണിയുമെടുത്ത് ഓടിയെത്തിയപ്പോഴേക്കും മൂവരും കയത്തിൽ താണു. ചിറ്റാർ ഗവ. എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിയാണ് നിരഞ്ജന. റാന്നി എംഎസ് എച്ച്എസ്എസിൽ 9–ാം ക്ലാസ് വിദ്യാർഥിയാണ് ഗൗതം. 

 

3 of a family drown after being swept away by currents in Pampa river